ഇക്കാലമത്രയും പോറ്റിവളർത്തിയ ‘മകനെ’ താൻ തട്ടിയെടുത്തതാണെന്ന വിവരം ഏറ്റുപറഞ്ഞു ചൈനീസ് വനിത. ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിലുള്ള നാച്ചോംഗിലാണ് സമൂഹത്തെ ഞെട്ടിച്ച സംഭവം. ഷിയോപിംഗ് എന്ന നാല്പത്തെട്ടുകാരിയാണ് 26 വർഷം പഴക്കമുള്ള കുറ്റംഏറ്റു പറഞ്ഞു രംഗത്തു വന്നത്. പ്രസവിച്ച ഉടൻ തന്റെ രണ്ടു മക്കൾ മരിച്ചതോടെയാണ് ഈ കടുംകൈ ചെയ്യാൻ തീരുമാനിച്ചതെന്നാണു ഷിയോപിംഗിന്റെ കുറ്റസമ്മതം.
1992ൽ ചോഗിംഗ് എന്ന ഗ്രാമത്തിൽ വീട്ടുജോലിക്കാരിയായി ചെന്ന ഷിയോപിംഗ് താൻ മൂന്നാഴ്ച ജോലി ചെയ്ത വീട്ടിലെ ദന്പതികളുടെ ഇളയ കുട്ടിയെ തട്ടിക്കൊണ്ടുപോരുകയായിരുന്നത്രേ. തട്ടിയെടുക്കുന്പോൾ ഒരു വയസുണ്ടായിരുന്ന ആണ്കുട്ടിക്ക് ഇപ്പോൾ 27വയസുണ്ട്.
പിന്നീട് 1995ൽ മറ്റൊരു വിവാഹത്തിൽ തനിക്കു പെണ്കുട്ടി ജനിച്ചപ്പോൾ തട്ടിയെടുത്ത മകനെ തിരികെ മാതാപിതാക്കളെ ഏൽപ്പിക്കാൻ ശ്രമിച്ചതാണെങ്കിലും ശിക്ഷ ഭയന്ന് ആ ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ചെന്നും ഇവർ ഏറ്റുപറഞ്ഞു. നഷ്ടപ്പെട്ടുപോയ മകനെത്തേടി 50 വർഷമായി അലയുന്ന മറ്റൊരു അമ്മയെക്കുറിച്ചുള്ള വാർത്ത കണ്ടതോടെയാണ് ഇവർക്കു പശ്ചാത്താപം തോന്നിയതത്രേ.
എന്നാൽ, ഷിയോപിംഗിന്റെ മകനായി വളർന്ന യുവാവാകട്ടെ തനിക്ക് അമ്മയായി ഷിയോപിംഗിനെ മാത്രം മതിയെന്ന നിലപാടിലാണ്. തനിക്കു ജന്മം തന്നവരെക്കുറിച്ച് അറിയേണ്ടെന്നും ഷിയോപിംഗ് പോറ്റമ്മയാണെങ്കിൽ തനിക്കു പോറ്റമ്മയെ മതിയെന്നും യുവാവ് പറഞ്ഞു.
എന്തായായും ചൈനീസ് സമൂഹമാധ്യമങ്ങളും പോലീസും യുവാവിന്റെ യഥാർഥ മാതാപിതാക്കളെത്തേടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ ഷിയോപിംഗിന് അഞ്ചു വർഷംവരെ ജയിൽശിക്ഷയനുഭവിക്കേണ്ടിവരുമെന്നാണു പോലീസ് പറയുന്നത്.