തൊടുപുഴ: പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം അരിക്കുഴയിൽ വീട്ടമ്മയുടെ സ്വർണ മാല പൊട്ടിച്ചെടുത്ത സംഭവത്തോടെ സ്ത്രീകളുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുക്കുന്ന സംഘങ്ങൾ സജീവമായതായി സൂചന. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇടുക്കി കഞ്ഞിക്കുഴിയിലും വീട്ടമ്മയുടെ സ്വർണമാല ബൈക്കിലെത്തിയ സംഘം കവർന്നിരുന്നു. വിജനമായ വഴിയിലൂടെ പോകുന്ന വീട്ടമ്മമാരാണ് ഇവരുടെ ആക്രമണത്തിനിരയാകുന്നത്. മാലപൊട്ടിച്ചെടുക്കുന്നതിനിടയിൽ പലർക്കും പരിക്കേറ്റിട്ടുമുണ്ട്.
അരിക്കുഴയിൽ മാല നഷ്ടപ്പെട്ട നടുത്തൊട്ടിയിൽ അനിതയ്ക്ക് മോഷണം ചെറുക്കുന്നതിനിടയിൽ പിന്നാലെയെത്തിയ കാറിടിച്ചാണ് പരിക്കേറ്റത്. ഇവർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. മുതലക്കോടം, മണക്കാട് ചിറ്റൂർ, കുണിഞ്ഞി, തൊടുപുഴ മാരിയിൽ കലുങ്ക് പാലത്തിനു സമീപം എന്നിവിടങ്ങളിലെല്ലാം വീട്ടമ്മമാരുടെ മാല പൊട്ടിച്ചെടുത്ത സംഭവങ്ങൾ മുന്പ് പലപ്പോഴായി ഉണ്ടായിട്ടുണ്ട്.
അന്വേഷണം ഉൗർജിതമെന്ന് പോലീസ്
അരിക്കുഴയിൽ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ടെന്ന് എസ്ഐ എം.പി.സാഗർ പറഞ്ഞു. സംഭവ ദിവസം തന്നെ പോലീസ് സമീപപ്രദേശങ്ങളിലെല്ലാം അരിച്ചു പെറുക്കിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെകുറിച്ചുള്ള സൂചനയെങ്കിലും ലഭിച്ചത്. എന്നാൽ ഇതിൽ രണ്ടു പേരും ഹെൽമറ്റും കോട്ടും ധരിച്ചിരിക്കുന്നതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മാല പൊട്ടിച്ചെടുത്തതിനു ശേഷം മോഷ്ടാക്കൾ സ്കൂട്ടറിൽ പാഞ്ഞു പോയത് കൂത്താട്ടുകുളം ഭാഗത്തേക്കാണെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഈ മേഖലയിലേക്കുള്ള സിസിടിവികളിൽ ഉൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്. സ്കൂട്ടറിനു മുന്നിൽ നന്പർപ്ലേറ്റും ഉണ്ടായിരുന്നില്ല.
കാറിനെക്കുറിച്ചും അന്വേഷണം
അനിതയെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ കടന്നു കളഞ്ഞ കാറിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമി സംഘം മാല പൊട്ടിച്ചെടുത്ത് പാഞ്ഞു പോയപ്പോൾ പിന്നാലെയോടുന്നതിനിടെയാണ് പിന്നിൽ നിന്നെത്തിയ കാർ ഇവരെ ഇടിച്ചു വീഴ്ത്തിയത്. ഇടിയേറ്റ് നിലത്തു വീണപ്പോൾ കാറും പാഞ്ഞു പോയി. മാല പൊട്ടിച്ചെടുത്ത സംഘത്തോടൊപ്പമുള്ളവരായിരുന്നോ കാറിലെത്തിയതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
നഷ്ടപ്പെട്ടത് ആകെയുള്ള സന്പാദ്യം
ജോലി സ്ഥലത്തേക്ക് നടന്നു പോകുന്നതിനിടയിലാണ് അനിതയ്ക്ക് മോഷണ സംഘത്തിന്റെ ആക്രമണം നേരിടേണ്ടി വന്നത്. മോഷ്ടാക്കളെ ചെറുക്കുന്നതിനിടെ റോഡിൽ തലയിടിച്ചു വീണ അനിതയുടെ വലതു കാലിന് മുകളിലൂടെ പിന്നാലെയെത്തിയ കാറിന്റെ ചക്രം കയറിയിറങ്ങി. പരിക്കേറ്റ ഇവർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വലതു കാൽ പാദത്തിന്റെ അസ്ഥിക്കു പൊട്ടലും തലയിൽ ആറു തുന്നലുമുണ്ട്. തൊടുപുഴയിൽ ചെറിയ ജോലി ചെയ്യുന്ന അനിത ബസ് കയറാനാണ് അരിക്കുഴ മഠം ജംഗ്ഷനിലേക്ക് നടന്നത്.
വിജനമായ വഴിയിലൂടെ നടക്കുന്പോൾ സ്കൂട്ടറിൽ എത്തിയവരിൽ പിന്നിലിരുന്നയാൾ കഴുത്തിലെ മാലപൊട്ടിച്ചെടുക്കുകയായിരുന്നു. തടയാൻ ശ്രമിച്ചെങ്കിലും മാലയുടെ മുക്കാൽ ഭാഗത്തോളം മോഷ്ടാക്കൾ കൈക്കലാക്കി. ആക്രമണത്തിൽ വീണപ്പോൾ പിന്നാലെയെത്തിയ കാർ കാലിൽ കയറിയിറങ്ങുകയായിരുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മൂന്നു വർഷം മുൻപു ഭർത്താവ് മരിച്ച അനിത ചെറിയ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. ഇവർക്ക് രണ്ടു പെണ്മക്കളാണ്. ആകെയുള്ള സന്പാദ്യമായിരുന്നു മൂന്നര പവന്റെ സ്വർണമാല.