പന്തളം: പട്ടാപ്പകല്‍ വയോധികെയെ കെട്ടിയിട്ടിട്ട് വീട്ടില്‍നിന്നും ആഭരണവും പണവും മോഷ്ടിച്ച സംഭവത്തിനു പിന്നില്‍ പ്രദേശവാസികളായ ചിലരെ സംശയമുള്ളതായി പോലീസ്.
കഴുത്തിലെ മാല എവിടെയെന്ന് ഇവര്‍ ചോദിച്ചതായി ശാന്തകുമാരി പോലീസിനോട് പറഞ്ഞു.
കൈയില്‍ വേറെ പണമില്ലെന്ന് പറഞ്ഞപ്പോള്‍ ആയിരം രൂപ തിരികെ നല്‍കിയശേഷം ശാന്തകുമാരിയുടെ കാലുതൊട്ട് മാപ്പു ചോദിച്ചിട്ടാണ് മോഷ്ടാക്കള്‍ പോയതെന്നും പോലീസ് പറഞ്ഞു.
പന്തളം കടക്കാട് വടക്ക് പനയറവീട്ടില്‍ ശാന്തകുമാരി (72) യുടെ വീട്ടിലാണ് ഇന്നലെ മോഷണം നടന്നത്. ഉച്ചയോടെയായിരുന്നു സംഭവം.
വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ശാന്തകുമാരിയോട് അടുത്തുള്ള ക്ഷേത്രത്തിലെ ആവശ്യത്തിന് വാഴയില വേണമെന്ന് പറഞ്ഞാണ് രണ്ടുപേര്‍ എത്തിയത്.
ഇല വെട്ടാന്‍ കത്തി ആവശ്യപ്പെടുകയും തുടര്‍ന്ന് മോഷ്ടാക്കള്‍ വീട്ടിലേക്ക് കടന്നുകയറുകയുമായിരുന്നു. ശാന്തകുമാരിയെ ബന്ധനസ്ഥയാക്കി വായില്‍ തുണി തിരുകിയ ശേഷം മുന്ന് വളകളും കമ്മലും ഊരിയെടുത്തു.
തുടര്‍ന്ന് മുറികളില്‍ തെരച്ചില്‍ നടത്തി 9000 രൂപയും കവര്‍ന്നെടുത്ത് രക്ഷപെടുകയായിരുന്നു. മോഷ്ടാക്കള്‍ പോയശേഷം പ്രദേശവാസികളെ വിവരമറിയിക്കുകയും പോലീസ് എത്തുകയുമായിരുന്നു.
അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവെടുത്തു. പന്തളം ഭാഗത്ത് അടുത്തകാലത്ത് വര്‍ധിച്ചുവരുന്ന മോഷണങ്ങൾ പോലീസിന്റെ ഉറക്കംകെടുത്തുകയാണ്.