എടത്വ: വീയപുരം ഗ്രാമവാസികളുടെ ചിരകാലാഭിലാഷം സഫലമാകുന്നു. അപ്പർകുട്ടനാട്ടിലെ വീയപുരം കരയ്ക്ക് ഇനി ചുണ്ടൻ വള്ളം. കരക്കാർക്കായി ഒരു വള്ളം നിർമിക്കുക എന്ന ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. വള്ള നിർമാണത്തിനുള്ള തടി കഴിഞ്ഞ ദിവസം പൂഞ്ഞാറിൽ നിന്ന് വീയപുരത്ത് എത്തിയതോടെയാണ് ഈ സ്വപ്നം പൂവണിയുന്നതിനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്.
നന്മ പ്രവാസി വാട്സപ്പ് ഗ്രൂപ്പാണ് നാല് മാസം മുന്പ് വള്ള നിർമാണത്തെ കുറിച്ചുള്ള ആശയം മുന്നോട്ട് വച്ചത്. ഈ ആശയം കരക്കാർ കൂടി ഏറ്റെടുത്തതോടെ തയാറെടുപ്പുകൾ എളുപ്പത്തിലായി. ഈരാറ്റുപേട്ടയിലെ പൂഞ്ഞാറിൽ നിന്നാണ് ഏഴ് ലക്ഷം രൂപയിലധികം ചിലവുള്ള 146 ഇഞ്ച് വ്യാസവും 63 അടി നീളവുമുള്ള ലക്ഷണമൊത്ത തടി കണ്ടെത്തിയത്. മാതാവ് പലകയ് ക്ക് മാത്രമേ ഈ തടി തികയൂ. ഇത്തരം രണ്ട് തടി കൂടി ഉണ്ടെങ്കിലേ വള്ളത്തിന്റെ നിർമാണം പൂർത്തീകരിക്കാൻ കഴിയൂ. നാളെ ഉച്ചയ്ക്ക് 12.30 ന് കോഴിമുക്ക് സാബു ആശാരിയുടെ നേതൃത്വത്തിൽ ഉളികുത്ത് കർമം നിർവഹിക്കും.
നിർമാണ സമിതി സെക്രട്ടറി ബിജു വേലിയിലിന്റെ പുരയിടത്തിലാണ് വള്ള നിർമാണത്തിനുള്ള മാലിപ്പുര തയാറാക്കിയിരിക്കുന്നത്. മണിമലയിൽ നിന്നെത്തിയ രാധാകൃഷണന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈർച്ച വാളിൽ തടി കൊടുവിക്കുന്നത്. ജല രാജാക്കന്മാരുടെ രാജ ശില്പി കോഴിമുക്ക് നാരായണൻ ആചാരിയുടെ ഇളയ മകനും നടുഭാഗം, ആയാപറന്പ് പാണ്ടി, സെന്റ് പയസ് എന്നീ ചുണ്ടൻ വള്ളങ്ങളുടേയും, പുതിയ വെപ്പ് ഷോട്ടിന്റെയും ശില്പി കോഴിമുക്ക് സാബു ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിർമാണം നടത്തുന്നത്.
അടുത്ത നെഹ്റു ട്രോഫി ജലോത്സവത്തിൽ പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ നിർമാണം പൂർത്തീകരിക്കുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്. 45 ലക്ഷം രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. നിർമാണം പൂർത്തീകരിക്കുന്നതോടെ വീയപുരം പഞ്ചായത്തിൽ കാരിച്ചാൽ, പായിപ്പാട്, വെള്ളംകുളങ്ങര, വീയപുരം എന്നിങ്ങനെ കരക്കാരുടെ നാല് വള്ളങ്ങളും രണ്ട് സ്വകാര്യ വള്ളങ്ങളും ഉൾപ്പടെ ആറ് ചുണ്ടൻ വള്ളങ്ങളുടെ സാന്നിധ്യമുണ്ടാകും. തടിയെത്തിയതോടെ കര ഒന്നടങ്കം ഉത്സവ ലഹരിയിലാണിപ്പോൾ.