ഹരിപ്പാട്: വീയപുരം ആറാം വാർഡിൽ വെള്ളംകുളങ്ങരയിൽ പണ്ടാരത്തിൽ സുഭദ്രയുടെ വീടിനു മുകളിലേക്കാണ് കഴിഞ്ഞ രാത്രിയിൽ മരം വീണത്. വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു.
വീട്ടിനുള്ളിലുണ്ടായിരുന്ന സുഭദ്രയുടെ ചെറുമകൻ മാധവിന്റെ (5)തലയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മരം വീഴുന്ന സമയത്ത് സുഭദ്ര, ഭർത്താവ്, മകൻ, മകന്റെ ഭാര്യ, മാധവ് എന്നിവർ വീട്ടിനുള്ളിലുണ്ടായിരുന്നു.
ശബ്ദം കേട്ട് പുറത്തു ചാടിയതു കൊണ്ട് ഒഴിവായത് വൻ ദുരന്തമാണ്. വീയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ, വാർഡംഗം ബി. സുമതി എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് മരം മുറിച്ചു മാറ്റിയത്.
റോഡിലേക്ക് മരം കടപുഴകി വീണു
എടത്വ: ശക്തമായ കാറ്റിൽ മരം കടപുഴകി എടത്വ-വീയപുരം റോഡിലേക്ക് വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തകഴിയിൽനിന്ന് ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.