ഹരിപ്പാട്: തിരക്കേറിയ ഹരിപ്പാട് വീയപുരം കടപ്രാ ലിങ്ക് ഹൈവേയിൽ റെയിൽവേ മേൽപ്പാലത്തിനായി മുറവിളി ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ശാസ്താംമുറി തൃപ്പക്കുടം ലവൽ ക്രോസിൽ വൻതോതിലാണ് യാത്രാക്കുരുക്ക് അനുഭവപ്പെടുന്നത്. പ്രതിദിനം പല പ്രാവശ്യമായി മണിക്കൂറുകളോളം ലെവൽ ക്രോസ് അടഞ്ഞ് യാത്രക്കാരുടെ സമയം കവരുന്നതോടെ കണക്കുകൂട്ടലുകൾ താളം തെറ്റുകയാണ്. അന്പലപ്പുഴ ഹരിപ്പാട് റയിൽവെ ലൈൻ ഇരട്ടിപ്പിക്കുന്ന ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
നിർമാണം അവസാന ഘട്ടത്തിലേക്ക് കടക്കുന്പോൾ ലെവൽ ക്രോസുകളുടെ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളാണ് ഇനിയും നടക്കേണ്ടത്. ഗേറ്റ്കീപ്പർ പോസ്റ്റുകളുടെ പണിയും ഏകദേശം പൂർത്തീകരിച്ചു. ഇരട്ടവരി പാത കമ്മീഷൻ ചെയ്യുന്നതോടെ ഇതുവഴിയുള്ള ട്രെയിൻ സർവീസുകൾ വർധിക്കും. അതോടെ നിലവിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ടിന്റെ മൂന്നിരട്ടിയാകും അനുഭവപ്പെടുക.
ലിങ്ക് ഹൈവേ രാജ്യാന്തര നിലവാരത്തിലേക്കു ഉയർത്തുമെന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഹരിപ്പാട്-എടത്വ-വീയപുരം, ഹരിപ്പാട്-മേൽപ്പാടം-മാന്നാർ, ഹരിപ്പാട്-വീയപുരം-കടപ്ര എന്നിങ്ങനെ നിരവധി തിരക്കേറിയ റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. ആലപ്പുഴ, ചങ്ങനാശേരി, തിരുവല്ല, കോട്ടയം, ചെങ്ങന്നൂർ, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് കുറഞ്ഞ സമയം കൊണ്ട് എത്തിച്ചേരാവുന്ന റോഡു കൂടിയാണിത്.
ഇതിനു പുറമെ മണ്ണാറശ്ശാല, എടത്വ പള്ളി, ചക്കുളത്തുകാവ് ക്ഷേത്രം എന്നീ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള എളുപ്പ വഴി കൂടിയാണിത്. സമീപത്തായി സ്കൂളുകൾ ആരാധനാലയങ്ങൾ എന്നിവയും സ്ഥിതി ചെയ്യുന്നതിനാൽ ഗതാഗതക്കുരുക്ക് അപരിഹാര്യമായി തുടരുകയാണ്. റെയിൽവേ മേൽപ്പാലം നിർമിച്ചെങ്കിൽ മാത്രമേ യാത്രാക്കുരുക്കിനു ശാശ്വത പരിഹാരം കണ്ടെത്താനാകൂ. ഇതിനു പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ള ജനപ്രതിനിധികളുടെ ഇടപെടൽ അനിവാര്യമാണെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.