ഇരിട്ടി: കുടക് ഉൾപ്പെടെയുള്ള ജില്ലകളിൽ കർണാടക സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ യാത്രക്കാർക്ക് തീരാദുരിതമാകുന്നു.
ശനി, ഞായർ ദിവസങ്ങളിലെ കർഫ്യൂവിനു പിന്നാലെ ഇന്നലെ അതിർത്തിയിൽ ഏർപ്പെടുത്തിയ കടുത്ത പരിശോധന കാരണം യാത്രക്കാർക്കും ചരക്കുവാഹനങ്ങൾക്കും പത്തു മണിക്കൂറിലധികം ചുരം പാതയിൽ കാത്തുകിടക്കേണ്ടി വന്നു.
ദിവസങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതത്തിനു പരിഹാരം കാണാൻ കേരള സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.
രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കുപോലും യാത്രാനിരോധനമാണ്. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റുള്ളവർക്കു മാത്രമാണ് പ്രവേശനാനുമതി. അവർക്കും മണിക്കൂറുകൾ ചെക്ക് പോസ്റ്റ് അധികൃതരുടെ കനിവു കാത്ത് കഴിയേണ്ടിവരുന്നു.
ഇന്നലെ പുലർച്ചെ നാലിന് എത്തിയവർപോലും മാക്കൂട്ടത്തെ പരിശോധന കഴിഞ്ഞ് അതിർത്തി കടന്നത് ഉച്ചയ്ക്ക് 12 നാണ്.
ചെക്ക് പോസ്റ്റിൽ കർണാടക ആരോഗ്യവകുപ്പിന്റെ പരിശോധന ഇഴഞ്ഞുനീങ്ങിയതോടെ മാക്കൂട്ടം ചെക്ക് പോസ്റ്റിൽനിന്ന് കൂട്ടുപുഴ പാലവും കഴിഞ്ഞ് കച്ചേരിക്കടവ് പാലത്തിനപ്പുറം വരെ വാഹനങ്ങളുടെ നിര നീണ്ടു.
വീരാജ്പേട്ട ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളുടെ എണ്ണവും കൂടിയതോടെ റോഡിന് ഇരുവശങ്ങളിലും തലങ്ങും വിലങ്ങും വാഹനങ്ങൾ നിരന്നു.
ഇതോടെ കൂട്ടുപുഴ പാലത്തിന് സമീപത്തുകൂടി പേരട്ട, മട്ടിണി, കോളിത്തട്ട് ഭാഗങ്ങളിലേക്ക് പോകേണ്ടവരും ദുരിതത്തിലായി. നാട്ടുകാരും പോലീസും ഇടപെട്ട് വാഹനങ്ങൾ ഒരുവശത്ത് മാത്രം പാർക്ക് ചെയ്യാവുന്ന നിലയിലാക്കി.
ആർടിപിസിആർ സർട്ടിഫിക്കറ്റുമായി സ്ത്രീകളും കുട്ടികളുമായി എത്തിയ യാത്രക്കാരാണ് ഏറെ കഷ്ടത്തിലായത്. പ്രഭാതഭക്ഷണമോ വെള്ളമോ കിട്ടാതെ ഏറെപ്പേരും വലഞ്ഞു.
പ്രാഥമിക ആവശ്യങ്ങൾക്കുവേണ്ടി പെൺകുട്ടികളും സ്ത്രീകളും അനുഭവിച്ച പ്രയാസം ഏറെയായിരുന്നു. സമീപത്തൊന്നും വീടുകളോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തത് ഇവരുടെ ദുരിതം ഇരട്ടിയാക്കി.
യാത്രക്കാരിൽ ഭൂരിഭാഗവും കുടക് ഭരണകൂടം ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ അറിയാതെ ആർടിപിസിആർ സർട്ടിഫിക്കറ്റുമായി ഇന്നലെ മാക്കൂട്ടം ചെക്ക് പോസ്റ്റിൽ എത്തി മടങ്ങിപ്പോയി.
ഇവരിൽ പലരുടെയും ടെസ്റ്റ് കാലാവധി കഴിഞ്ഞതിനാൽ വീണ്ടും ടെസ്റ്റ് നടത്തിയാണ് എത്തിയത്. വിവിധ പരീക്ഷകൾക്കു പോകേണ്ടവരും ബംഗളൂരു വിമാനത്തവളത്തിൽനിന്ന് 24 മണിക്കൂറിനുള്ളിൽ വിദേശത്ത് പോകേണ്ടവരുമെല്ലാം ഇതിലുണ്ടായിരുന്നു.
പരിശോധന വൈകുന്നതിൽ യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. ചെക്ക് പോസ്റ്റിൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി നിയോഗിച്ച ജീവനക്കാരുടെ എണ്ണം കുറച്ചതാണ് യാത്രക്കാർക്ക് തിരിച്ചടിയായത്.
നേരത്തെ ആരോഗ്യവകുപ്പിൽനിന്ന് രണ്ട് ഹെൽത്ത് ഇൻസ്പെക്ടർമാരും രണ്ട് റവന്യൂ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
പരിശോധന കടുപ്പിച്ചതോടെ ആർടിപിസിആർ സർട്ടിഫിക്കറ്റ് പരിശോധിക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ എണ്ണം ഒന്നായി കുറച്ചു.
സർട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പാക്കിയശേഷം യാത്രക്കാരന്റെ ആധാർ കാർഡും പേരും വാഹന നമ്പറുമെല്ലാം രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതും ഒരു ജീവനക്കാരൻ തന്നെയാണ്.
ഒരാളുടെ പരിശോധനയ്ക്ക് അഞ്ചുമിനിറ്റിലധികം കാലതാമസം ഇതുമൂലമുണ്ടായി. ഇതാണ് പുലർച്ചെ എത്തിയവർക്കും പത്ത് മണിക്കൂറിലധികം കാത്തിരിക്കേണ്ടിവന്നത്. വരുംദിവസങ്ങളിലും ഇത് ആവർത്തിക്കാനാണ് സാധ്യത.
നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ വേഗത്തിൽ അതിർത്തി കടത്തിവിടാൻ കർണാടക സർക്കാരിനോട് കേരള സർക്കാർ ആവശ്യപ്പെടണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർതല ഇടപെടൽ ഉണ്ടാകുന്നില്ല.