കണ്ണൂർ: പച്ചക്കറികൾ കഴുകി വൃത്തിയാക്കി ആരെങ്കിലും അരിഞ്ഞ് തന്നിരുന്നെങ്കിൽ! തിരക്കുപിടിച്ച ജീവിതത്തിൽ ഇങ്ങനെ ചിന്തിക്കാത്ത വീട്ടമ്മമാരുണ്ടാവില്ല. അവർക്ക് ആശ്വാസമാകുകയാണ് കണ്ണൂർ തോട്ടടയിൽ സ്മിത ഹരിദാസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്മൈൽ ഫ്രഷ് അഗ്രോ പ്രൊഡക്ട്സ്. വിഷവിമുക്തമാക്കിയ പച്ചക്കറികൾ എളുപ്പത്തിൽ പാചകം ചെയ്യാവുന്ന വിധത്തിൽ കഷണങ്ങളാക്കി ലഭ്യമാക്കുന്ന “ഫ്രഷ്ലി’’ പായ്ക്കറ്റുകൾക്ക് ഇപ്പോൾ ആവശ്യക്കാരേറെ.
മൈസൂരുവിലെ കേന്ദ്ര ഭക്ഷ്യ ഗവേഷണകേന്ദ്രം (സിഎഫ്ടിആർഐ) വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി തികച്ചും ശുചിത്വപൂർണമായ അന്തരീക്ഷത്തിൽ തയാറാക്കുന്നതിനാൽ പച്ചക്കറികൾക്കു ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പാണെന്നു സ്മിത ഹരിദാസ് പറയുന്നു. കേടാകാതെയിരിക്കാനുള്ള യാതൊരു കൃത്രിമവസ്തുക്കളും ചേർക്കാത്ത പച്ചക്കറി കഷണങ്ങൾ രണ്ടാഴ്ചവരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ജൈവമാലിന്യങ്ങൾ പൂർണമായി ഒഴിവാക്കാമെന്നതും വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന പ്രായമായവർക്കു സൗകര്യപ്രദമാണെന്നതും ഇതിലേക്ക് ആളുകളെ ആകർഷിക്കുന്നു.
കണ്ണൂർ ജില്ലയിലെ വിവിധ കൃഷിഭവനുകളിൽ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള സ്മിത ഹരിദാസിനു ചെറുപ്പം മുതലുള്ള താത്പര്യമാണ് സ്വന്തമായി സംരംഭം ആരംഭിക്കുന്നതിലേക്കു നയിച്ചത്. കേരള കാർഷിക സർവകലാശാലയിൽനിന്ന് അഗ്രി ബിസിസസ് മാനേജ്മെന്റിൽ എംബിഎ നേടിയത് ആത്മവിശ്വാസം പകർന്നു.
എംബിഎ പഠനകാലത്ത് കേന്ദ്ര ഭക്ഷ്യ ഗവേഷണകേന്ദ്രത്തിന്റെ പരിശീലന പരിപാടിയിൽ പങ്കെടുത്തതാണ് പച്ചക്കറികൾ പാചകത്തിന് ഒരുക്കിനൽകുകയെന്ന ആശയത്തിലേക്കു നയിച്ചത്. തുടർന്ന് കൃഷിവകുപ്പിൽനിന്ന് അവധിയെടുത്ത് തോട്ടടയിൽ സംരംഭം ആരംഭിക്കുകയായിരുന്നു. മൈസൂരു സിഎഫ്ടിആർഐയുടെ സാങ്കേതികവിദ്യയിലുള്ള കേരളത്തിലെ ആദ്യ യൂണിറ്റാണ് ഇതെന്ന് സ്മിത പറഞ്ഞു. നാലു സ്ത്രീകളാണ് സഹായത്തിനുള്ളത്.
കൃഷിഭവനുകളുടെ മേൽനോട്ടത്തിൽ കൃഷി ചെയ്യുന്നവരിൽനിന്നും പൊതുവിപണിയിൽനിന്നുമാണ് ആവശ്യമായ പച്ചക്കറി സംഭരിക്കുന്നത്. വാടിയതും കീടബാധയുള്ളതുമായ പച്ചക്കറികൾ ഒഴിവാക്കി പുതുമയുള്ളത് തെരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് ശുദ്ധജലത്തിൽ കഴുകിയെടുത്ത ശേഷം കേരള കാർഷിക സർവകലാശാല നിർദേശിച്ചിട്ടുള്ള വിഷവിമുക്ത ലായനിയിൽ 10 മിനിറ്റ് മുക്കിവയ്ക്കും. വീണ്ടും ശുദ്ധജലത്തിൽ കഴുകി നിയന്ത്രിത അന്തരീക്ഷത്തിലുള്ള ലഘു സംസ്കരണ പ്രക്രിയയ്ക്കു വിധേയമാക്കി പോളി പ്രൊപിലീൻ പായ്ക്കറ്റുകളിലാക്കിയാണ് വിപണനത്തിന് എത്തിക്കുന്നത്. പച്ചക്കറികൾ 2ഡി ട്രേയിലും ലഭ്യമാണ്.
സാന്പാർ, അവിയൽ, പച്ചക്കറി ബിരിയാണി, ബജി മിക്സ്, കുറുമ എന്നിവയ്ക്കാവശ്യമായ പച്ചക്കറികൾ പായ്ക്കറ്റിൽ ലഭിക്കും. 400 ഗ്രാമിന്റെ സാന്പാർ പായ്ക്കറ്റിന് 45 രൂപയാണ് വില. ചീര, കോളിഫ്ലവർ, പൊട്ടറ്റോ ഫ്രഷ് ഫ്രൈസ് എന്നിവയുമുണ്ട്. തൊലി നീക്കംചെയ്ത് അല്ലികളാക്കിയ വെളുത്തുള്ളിക്ക് ആവശ്യക്കാരേറെയാണ്. ചെറിയ ഉള്ളിയും ഇത്തരത്തിൽ ലഭ്യമാണ്. തോരൻ ആവശ്യത്തിനുള്ള പച്ചക്കറികൾ മെഷീൻ ഉപയോഗിച്ചും സാന്പാർ തുടങ്ങിയവയ്ക്കുള്ള കഷണങ്ങൾ കൈകൊണ്ടുമാണ് തയാറാക്കുന്നത്.
കണ്ണൂർ ജില്ലയിലെ വിവിധ ഷോപ്പിംഗ് മാളുകളിലും ബേക്കറികളിലും ഫ്രഷ്ലി പച്ചക്കറി ലഭ്യമാണ്. കോഴിക്കോട് നഗരത്തിലെ മാളുകളിലും വിതരണം ആരംഭിച്ചിട്ടുണ്ട്. കുടുംബശ്രീ കൂട്ടായ്മകൾക്കും വീടിനോടുചേർന്ന് സ്ഥലമൊരുക്കി വീട്ടമ്മമാർക്കും കേന്ദ്ര ഭക്ഷ്യഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതികസഹായത്തോടെ സംരംഭം ആരംഭിക്കാൻ കഴിയുമെന്നു സ്മിത ഹരിദാസ് പറഞ്ഞു. കെഎസ്ഇബി ഇരിട്ടി സെക്ഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എം.ടി.ബിജുവാണ് സ്മിതയുടെ ഭർത്താവ്. മക്കൾ: തേജസ്, സ്മേര.
സിജി ഉലഹന്നാൻ