തൊടുപുഴ: ക്രിസ്മസ്, പുതുവൽസരം പ്രമാണിച്ച് വിപണിയിൽ വിലക്കുറവെന്ന് വ്യപാരികൾ സൂചിപ്പിക്കുന്പോഴും പല ഉത്്പന്നങ്ങൾക്കും ഓണക്കാലത്തെ അപേക്ഷിച്ച് വില കുതിച്ചു കയറി. ചില ഉത്പന്നങ്ങൾക്ക് വിലക്കുറവുണ്ടെങ്കിലും പലതിനും ദിനംപ്രതിയെന്നോണം വിലയേറുന്നു.
തമിഴ്നാട്ടിലെയും കേരളത്തിലെയും കൃഷിത്തോട്ടങ്ങളിൽ നിന്നു കുറഞ്ഞ വിലക്ക് ലഭിക്കുന്ന പല പച്ചക്കറി ഉത്പന്നങ്ങൾക്കും കേരളത്തിലെ കന്പോളത്തിലെത്തുന്പോൾ വൻ വിലയാണ്. ഓഖി ദുരന്തത്തെത്തുടർന്ന് മൽസ്യവില്പന കുറഞ്ഞതിനാൽ പച്ചക്കറിക്കും മാംസ ഉത്പന്നങ്ങൾക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്. ക്രിസ്മസ് അടുത്തെത്തുന്പോൾ വില ഇനിയും ഉയരുമെന്നാണ് സൂചനകൾ.
ഉള്ളിതന്നെയാണ് കണ്ണെരിക്കും തരത്തിൽ വിലക്കയറ്റത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. 140-150 എന്ന നിലയിലാണ് ഉള്ളി വില. ഓണ സീസണിൽ വില 90-100 എന്ന നിലയിലായിരുന്നു. 30 രൂപ വിലയായിരുന്ന സവാള 50-ലേക്ക് ഉയർന്നു. ഉള്ളിയുടെ ഡ്യൂപ്പായ സവാള ഉള്ളി കിലോക്ക് 60 രൂപയാണ്. കിലോക്ക് 45 രൂപയായിരുന് കാരറ്റിന് 50 രൂപയായി ഉയർന്നു. മുരിങ്ങാക്കായുടെ നീളം പോലെ തന്നെയാണ് വിലയും പോകുന്നത്. കിലോക്ക് 170 രൂപയാണ് മുരിങ്ങക്കാ വില. കുറച്ചു നാൾ മുന്പു വരെ 20 രൂപയായിരുന്ന ബീൻസ് 30-40 എന്ന കണക്കിലാണ് വില. വള്ളിപ്പയറിന് 30 രൂപ. പച്ചമുളക് 25 രൂപയായിരുന്നത് 20 ആയി കുറഞ്ഞു. ഉരുളക്കിഴങ്ങിന് 25 രൂപയായി. വെള്ളരിക്കയും വില കുറഞ്ഞ് 15 രൂപയിലെത്തി. മത്തങ്ങ 20 ൽ തുടരുന്നു. പടവലം -30, പാവയ്ക്ക-40, ബീറ്റ്റൂട്ട്-40, കാബേജ് -40, കോവയ്ക്ക – 48, വഴുതന – 30, ചേന-36 എന്നിവ വലിയ വില വ്യത്യാസമില്ലാതെ നിൽക്കുന്നവയാണ്.
മാംസ വിപണിയിലെത്തിയാൽ നിലവിലുണ്ടായിരുന്നതിൽ നിന്നും വലിയ വ്യത്യാസമില്ലാതെയാണ് വില നിലവാരം. തമിഴ്നാട്ടിൽ കോഴിഫാമുകളിൽ ഉൽപ്പാദനം കൂടിയതിനാൽ ബ്രോയിലർ കോഴിക്ക് വില കൂടിയിട്ടില്ല. കിലോക്ക് 100 രൂപ. നാടൻ കോഴിക്ക് 170. ബീഫ് 300-310 എന്ന നിലയിലുമാണ് വില. പന്നിയിറച്ചിക്ക് കിലോക്ക് 220 രൂപയിലും വിൽപ്പന നടക്കുന്നു. ക്രിസ്മസ് , ന്യൂഇയർ എത്തുന്നതോടെ വിലയിൽ വർധനവുണ്ടായേക്കും. മൽസ്യവരവു കുറഞ്ഞതിനാൽ മാംസ ഉത്പന്നങ്ങൾക്ക് അടുത്ത നാളുകളിൽ ആവശ്യക്കാരും കൂടിയിട്ടുണ്ട്. ഓഖി ദുരന്തത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ചില പ്രചാരണങ്ങൾ വന്നതാണ് പച്ചമീൻ വ്യാപാരത്തിനു തിരിച്ചടിയായത്. മത്സ്യ വരവു കുറഞ്ഞതിനാൽ വില കൂടി.
വിപണിയിൽ അനുദിനം വില കുതിച്ചു കയറുന്നത് തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കുമാണ്. തേങ്ങ കിലോക്ക് 55-60 രൂപ വരെയായി. വെളിച്ചെണ്ണയ്ക്ക് കിലോ 225 രൂപയാണ് വിപണിയിൽ വില. ഗുണനിലവാരം കുറഞ്ഞതും കൂടിയതുമായ വെളിച്ചെണ്ണ വിൽപ്പനക്കായി എത്തുന്നുണ്ട്. വെളിച്ചെണ്ണ വില ഉയർന്നതോടെ മായം ചേർന്ന വെളിച്ചെണ്ണയും വിപണിയിൽ വലിയ തോതിൽ കടന്നു വരുന്നതായും പരാതിയുണ്ട്. അവശ്യ ഉത്പന്നങ്ങൾക്ക് കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ച് സാധാരണക്കാരന്റെ പോക്കറ്റു കാലിയാക്കാനുള്ള തന്ത്രം കൂടുതലും നടക്കുന്നത് ഉൽസവ സീസണുകളിലാണ്.
ഓണ സീസണിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ച് തമിഴ്നാട്ടിലെ വൻകിട കച്ചവടക്കാർ സാധരാണക്കാരെ മുതലെടുത്തിരുന്നു. ഇപ്പോൾ ഉത്പാദനം മെച്ചപ്പെട്ടതിനാൽ തമിഴ്നാട്ടിൽ വലിയതോതിൽ വില ഉയർന്നിട്ടില്ല. എന്നാൽ കേരളത്തിലെ കന്പോളങ്ങളിൽ പച്ചക്കറി ഉൽപ്പന്നങ്ങൾക്ക് കാര്യമായ വിലക്കുറവ് ഉണ്ടായിട്ടുമില്ല. വിലക്കയറ്റം പിടിച്ചു നിർത്താൻ ബന്ധപ്പെട്ട വകുപ്പുകൾ ക്രിസമസ് -പുതുവൽസര വിപണിയിൽ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ലായെന്ന് ആക്ഷേപമുണ്ട്.