കോട്ടയം: ഓണാവധിയിൽ പടിഞ്ഞാറൻമേഖലയുടെ ഭൂപ്രകൃതി ആസ്വദിക്കാനെത്തുന്നവർക്കു കുറഞ്ഞ ചെലവിൽ എസി ബോട്ടിലൂടെ യാത്ര ആസ്വദിക്കാൻ ഇനിയും കാത്തിരിക്കണം.
കോട്ടയം- ആലപ്പുഴ- കുമരകം പാസഞ്ചർ കം ടൂറിസ്റ്റ് സർവീസായി എത്തുന്ന വേഗ ബോട്ട് സർവീസ് ആരംഭിക്കാൻ കാലതാമസം നേരിടുകയാണ്.
ഇത്തവണത്തെ ഓണത്തിന് ‘’വേഗ ബോട്ട് ‘’ കോട്ടയത്ത് എത്തുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും വൈകും. കോട്ടയത്തിന് അനുവദിച്ചിരിക്കുന്ന വേഗ ബോട്ടിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
പുതിയ ബോട്ട് നിർമാണം പൂർത്തിയായാൽ ഉടൻ സർവീസ് ആരംഭിക്കുമെന്ന് ജലഗതാഗത വകുപ്പ് അധികൃതർ പറ33273യുന്നത്.
കോവിഡ് പ്രസിന്ധിക്കും വെള്ളപ്പൊക്ക ഭീഷണിക്കും ശേഷം നിരവധി വിനോദസഞ്ചാരികളാണ് പടിഞ്ഞാറൻ മേഖലയിലേക്ക് എത്താനൊരുങ്ങുന്നത്.
ഓണാവധിയും എത്തുന്നതോടെ വിനോദ സഞ്ചാരികളുടെ എണ്ണം കൂടും. ഇപ്പോൾ കായൽപ്പരപ്പിലെ യാത്രയ്ക്ക് ആയിരങ്ങളും പതിനായിരങ്ങളുമാണ് സ്വകാര്യ ഹൗസ് ബോട്ടുകളും ശിക്കാര ബോട്ടുകളും ഈടാക്കുന്നത്.
സീസണാകുന്നതോടെ ഇനിയും ചാർജ് കൂടും. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ എസി ബോട്ടിലൂടെ കായൽഭംഗി ആസ്വദിക്കാനാണ് ജലഗതാഗത വകുപ്പിന്റെ ‘’വേഗബോട്ട്’’ സർവീസ് എത്തുമെന്നു പറഞ്ഞിരുന്നത്.
ആലപ്പുഴ, വൈക്കം എന്നിവിടങ്ങളിൽ ‘’വേഗ’’ സർവീസ് വിജയകരമാണ്. 400 രൂപയ്ക്ക് അഞ്ച് മണിക്കൂർ സുരക്ഷിതമായ ബോട്ട് യാത്രയാണ് ജലഗതാഗത വകുപ്പ് വേഗ സർവീസിൽ ആലപ്പുഴയിൽ ഒരുക്കിയിരിക്കുന്നത്.
എസി, നോണ്‍ എസി സീറ്റുകളിലായി 120 യാത്രക്കാർക്ക് ഒരേസമയം സുഖകരമായി ഇരുന്ന് യാത്ര ചെയ്യാൻ കഴിയുമെന്നതാണ് വേഗയുടെ പ്രത്യേകത.
കുമരകം മുതൽ ആലപ്പുഴവരെ കായൽപ്പരപ്പിന്റെ ഭംഗി ആസ്വദിക്കാൻ കഴിയും. കേരളത്തിന്റെ തനതായ നാടൻ ഭക്ഷണങ്ങൾ, സ്നാക്സ് തുടങ്ങിയവയാണ് മറ്റൊരു പ്രധാന ആകർഷണം.
കോട്ടയത്തുനിന്ന് കുമരകം, മുഹമ്മ ബണ്ട്, ആർ ബ്ലോക്ക്, പാതിരാമണൽ, പക്ഷിസങ്കേതം എന്നിവിടങ്ങളിലൂടെ കണക്ട് ചെയ്താണ് സർവീസ് പ്ലാൻ ചെയ്തിരിക്കുന്നത്.
കോട്ടയം കുമരകം സർവീസിനിടെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച കണ്ടക്ടഡ് ടൂർ ട്രിപ്പും സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ വണ്‍ഡേ ട്രിപ്പും മാതൃകയിലാണ് വേഗയുടെ സർവീസ്.