സ്വന്തം ലേഖകൻ
തൃശൂർ: ദേശീയപാത നാലുവരിയിലും ആറുവരിയിലും ലോറികൾ വലതുവശത്തെ വേഗ ട്രാക്കിലൂടെ ഓടിക്കുന്നത് നിയന്ത്രിക്കാതെ മോട്ടോർ വാഹന വകുപ്പ്. ലോറികൾ വലതുവശത്തെ ട്രാക്കിലൂടെ ഓടിക്കുന്നതിനെതിരെ മോട്ടോർ വാഹനവകുപ്പ് നേരത്തെ നടപടിയെടുത്തിരുന്നു.
കമ്മീഷണർ ഋഷിരാജ്സിംഗിന്റെ നിർദ്ദേശ പ്രകാരമാണ് വലതുവശത്തെ വേഗ ട്രാക്കിലൂടെ ഓടിക്കുന്ന ലോറികൾക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശിച്ചിരുന്നത്. ഇതേ തുടർന്ന് കുറച്ചു നാളുകൾ നടപടി സ്വീകരിച്ചെങ്കിലും പിന്നീട് ആരും ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
അവിനാശിയിൽ കണ്ടെയ്നർ ലോറി വലതുവശത്തെ ട്രാക്കിലൂടെ കടന്നാണ് ഡിവൈഡറിലൂടെ കയറി കഐസ്ആർടിസി ബസിലിടിച്ച് വൻ ദുരന്തം ഉണ്ടായത്. ലോറികൾ വേഗത കുറഞ്ഞ ഇടതുവശത്തെ ട്രാക്കിലൂടെ മാത്രമേ ഓടിക്കാവൂവെന്നാണ് നിർദ്ദേശം.
ദേശീയപാതയിൽ 70 കിലോമീറ്റർ വേഗതയിൽ മാത്രമേ ഓടിക്കാവൂവെന്ന് പറയുന്നുണ്ടെങ്കിലും രാത്രിയിലും മറ്റും ഒരു നിയന്ത്രണവുമില്ലാതെയാണ് ലോറികളുടെ മരണപാച്ചിൽ. ലോറികൾ വേഗ ട്രാക്കിലൂടെ ഓടിക്കുന്നതുമൂലം മറ്റു വാഹനങ്ങൾക്ക് ദേശീയപാതയിൽ സുഗമമായ യാത്രയ്ക്ക് പലപ്പോഴും തടസമുണ്ടാകുന്ന സാഹചര്യമാണ്.
ഇടതുവശത്തുകൂടെ മാത്രമേ ഓടിക്കാവൂവെന്ന് ലോറി ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും അന്യ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വാഹനങ്ങളെ പലപ്പോഴും നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ ഇത്തരം ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുകയും പിഴ ഈടാക്കുകയും ചെയ്താൽ പിന്നീട് ഈ ഡ്രൈവർമാർ വലതുവശത്തെ ഡ്രൈവിംഗ് ഒഴിവാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ലോറികൾ വലിയ വാഹനമായതിനാൽ ഡിവൈഡറുകൾ പോലും ഇടിച്ചു കയറി വരുന്ന അനുഭവമാണ് അവിനാശി അപകടം നൽകുന്ന സൂചന. ഇതിനാൽ വലതുവശത്തുകൂടെയുള്ള ലോറികളുടെ ഓട്ടം കർശനമായി നിയന്ത്രിക്കണമെന്നാണ് ആവശ്യമുയരുന്നത്.