രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിഷരഹിത ഭക്ഷണമൊരുക്കാൻ ജൈവകൃഷി രീതിയിൽ പച്ചക്കറി വിളയിക്കുന്ന ചെമ്മനാകരി ഇൻഡോ-അമേരിക്കൻ ബ്രയിൻ ആൻഡ് സ്പൈൻ സെന്റർ മാനേജ്മെന്റ് പൊതുജനങ്ങൾക്കുകൂടി ഉപകരിക്കുന്നതിനായി കൃഷി വിപുലീകരിക്കുന്നു. ഇപ്പോൾ ആശുപത്രി വളപ്പിലും ബിസിഎഫ് നഴ്സിംഗ് കോളജിനു സമീപത്തുമായി മൂന്നേക്കറിലാണ് ജൈവ പച്ചക്കറി കൃഷി.
പാവൽ, പടവലം, വെണ്ട, തക്കാളി, വെള്ളരി, കുമ്പളങ്ങ, വഴുതന, മത്തൻ, ചുരക്ക, ആസാം ചുരക്ക, പച്ചമുളക് തുടങ്ങിയവയ്ക്കൊപ്പം വർണകാഴ്ചയായി ബന്ദിപൂ കൃഷിയുമുണ്ട്. ജൈവകൃഷിയിലൂടെ വിഷരഹിതമായ പഴവും പച്ചക്കറികളും മത്സ്യവും ഉത്പാദിപ്പിക്കണമെന്ന കേരളത്തിലെ ആദ്യ ന്യൂറോളജിസ്റ്റും ആശുപത്രി സ്ഥാപകനുമായ ഡോ. കുമാർ ബാഹുലേയന്റെ നിർദേശപ്രകാരമാണ് ജൈവ കൃഷി ആരംഭിച്ചത്.
രോഗികൾക്കാവശ്യമായ ഭക്ഷണമൊരുക്കുന്നതിനൊപ്പം ഖരമാലിന്യ സംസ്കരണം ഫലപ്രദമായി നടത്താനും കൃഷിയിലൂടെ സാധിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ശുദ്ധമായ പാൽ ലഭിക്കുന്നതിനായി ആശുപത്രിയിലെ ഫാമിൽ നാടൻ പശുക്കളെയും വളർത്തുന്നുണ്ട്.
പശു ഫാമിലെ ചാണകമാണ് കൃഷിക്കുള്ള പ്രധാന അടിവളം. കൃഷിയുടെ പരിപോഷണത്തിന് ആശുപത്രി ഡയറക്ടർ ബോർഡ് അംഗം പി. കമലാസനൻ നേതൃത്വം നൽകുന്നു. പ്രദേശവാസികൾക്കുകൂടി വിഷമയമില്ലാത്ത പച്ചക്കറി മിതമായ വിലയ്ക്ക് നൽകാനും ജൈവ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കാനും കൃഷിയുമായി കുടുംബങ്ങളെ അടുപ്പിക്കുന്നതിനുമാണ് പുതിയതായി അഞ്ചേക്കറിൽക്കൂടി കൃഷി വ്യാപിപ്പിക്കുന്നതെന്ന് ആശുപത്രി ചെയർമാൻ ഡോ. കെ. പരമേശ്വരനും മാനേജിംഗ് ഡയറക്ടർ ഡോ. ജാസർ മുഹമ്മദ് ഇക്ബാലും പറഞ്ഞു.