തിരുവന്തപുരം: ചുട്ടുപൊള്ളുന്ന വേനലായതോടെ പച്ചക്കറികളിൽ പലതിനും വില ഉയർന്നു. തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുമുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് കാരണം.
60 രൂപ മുതൽ 80 രൂപ വരെ വിലയുണ്ടായിരുന്ന നാരങ്ങ 160 ൽ എത്തി. ബീൻസിന് കിലോയ്ക്ക് 100 രൂപ കൂടി. 70 രൂപ മുതൽ 80 രൂപ വരെ വിലയുണ്ടായിരുന്ന ബീൻസിനാണ് ഇപ്പോൾ ഒറ്റയടിക്ക് 100 രൂപ കൂടിയത്.
നാടൻ പാവയ്ക്കയുടെ വിലയും ഇരട്ടിയായി. 50 രൂപ വില ഉണ്ടായിരുന്ന ഒരു കിലോ ചെറിയ ഉള്ളിക്ക് വില 65 മുതൽ 70 വരെയാണ്. പൈനാപ്പിളിന്റെ വില 50ൽ നിന്ന് 80ലെത്തി. വെളുത്തുള്ളിയുടെ വിലയും കുതിച്ചുയർന്നിരിക്കുകയാണ്.
അതേസമയം പച്ചക്കറി വാങ്ങുമ്പോൾ വെറുതെ കിട്ടിക്കൊണ്ടിരുന്ന കറിവേപ്പില കിലോയ്ക്ക് 70 രൂപ നിരക്കിലാണ് മൊത്തവിലക്കാരുടെ കൈയിൽ നിന്ന് ചെറുകിടക്കാർ വാങ്ങുന്നത്. ഇതര സംസ്ഥാനത്ത് നിന്നുള്ള പച്ചക്കറിയുടെ വരവ് നിന്നാൽ പച്ചക്കറി വില ഇനിയും ഉയരും.