തിരുവല്ല: സാധാരണക്കാരുടെ അടുക്കള ബജറ്റ് തകരാറിലാക്കി പച്ചക്കറി, പലവ്യഞ്ജന വില കുതിച്ചുയരുന്നു. ഇടയ്ക്ക് ഒന്നു കുറഞ്ഞെങ്കിലും വീണ്ടും വില ഉയരുകയാണ്. നേരത്തെ 100 രൂപയ്ക്ക് ഒരു കിറ്റ് പച്ചക്കറി കിട്ടിയിരുന്നത് ഇപ്പോള്‍ 150 രൂപയായി. മൂന്നാഴ്ചയായി പച്ചക്കറി വില അഞ്ചും ആറും രൂപയോളമാണ് ഉയരുന്നത്.സവാള വില 130ല്‍ നിന്ന് ഇപ്പോള്‍ 60ല്‍ എത്തിയതാണ് ഏക ആശ്വാസം.
കിലോയ്ക്ക് 30 രൂപയായിരുന്ന കാരറ്റ് 60 – 65ല്‍ എത്തി. തക്കാളി 35 കടന്ന് 40 ആയി. എന്നാൽ തക്കാളി ഉത്പാദനം കൂടിയതോടെ ഇതിന്റെ വില കുറയുമെന്ന് വ്യാപാരികൾ പറഞ്ഞു. ഒന്നര കിലോഗ്രാം 50 രൂപയ്ക്ക് വഴിയോരങ്ങളിൽ ലഭിക്കുന്നുണ്ട്. ബീന്‍സ് 40നു മുകളില്‍. കേരളത്തില്‍ കൂടുതലായി കൃഷി ചെയ്യുന്ന പയര്‍, മത്തന്‍, ചേന, ചേമ്പ് ഇനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ വിലയും കൂടി. നാടന്‍ ഐറ്റമായ മുരിങ്ങയ്ക്കാ ഒരെണ്ണത്തിനു 20 രൂപ. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു.
അതേസമയം ഇഞ്ചിക്കും പച്ചമുളകിനും വില കുറഞ്ഞിട്ടുണ്ട്. 50 രൂപയായിരുന്ന പച്ചമുളകിന് 40 രൂപയായി കുറഞ്ഞു. വിലവര്‍ധന ഹോട്ടല്‍ മേഖലയെയും കുടുംബ ബജറ്റിനെയും കാര്യമായി ബാധിച്ചു തുടങ്ങി. ഉത്പാദക സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥയാണ് വിപണിയിലെ വിലവര്‍ധനയ്ക്ക് പ്രധാന കാരണം. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറി എത്തിക്കുന്നത്.
അതേസമയം അരി വിലയില്‍ വലിയ വ്യത്യാസം ഉണ്ടാകുന്നില്ല. ജയ അരി കഴിഞ്ഞ മൂന്നു മാസമായി 38-41 എന്ന നിലയില്‍ തന്നെയാണ്. സുരേഖ 36-40 എന്ന നിലയില്‍ ലഭ്യമാണ്. ഇതില്‍ സെവന് സ്റ്റാര്‍, ബെൻസൺ തുടങ്ങി ഇനം അനുസരിച്ചത് വിലയില്‍ മാറ്റം വരും.ചില്ലറ വില്പനശാലകളില് വില്പനയ്ക്കെത്തിക്കുന്ന സവാളയുള്പ്പെടെയുള്ള സാധനങ്ങളുടെ അളവിലും ഉടമകള്‍ കുറവ് വരുത്തിയിട്ടുണ്ട്.
വലിയ വില നല്കി മൊത്ത വില്പനക്കാരില് നിന്നും സാധനങ്ങൾ വാങ്ങാന്‍ ശേഷിയില്ലാത്തതാണ് പലരെയും വലയ്ക്കുന്നത്. നേരത്തെ തമിഴ്നാട്ടില്‍ കനത്തമഴയെ തുടര്‍ന്ന് വലിയ നാശം സംഭവിച്ച സാഹചര്യത്തില്‍ സവാളക്കൊപ്പം മറ്റ് പച്ചക്കറികളുടെ വില കൂടി ഉയര്‍ന്നിരുന്നു.എന്നാല്‍ മഴ തോര്‍ന്നിട്ടും വിലയില്‍ മാറ്റമൊന്നുമില്ല. ഇടയ്ക്ക് പെട്രോള്‍ വില ഉയരുന്നതും പച്ചക്കറി വിപണിയെ ബാധിച്ചിട്ടുണ്ട്. പച്ചക്കറി വിപണിയിൽ ഇടപെടൽ നടത്താൻ ഹോർട്ടികോർപ്പിനു കഴിയാത്തതിനാൽ വില നിയന്ത്രണവും സാധ്യമല്ലാത്ത സ്ഥിതിയാണ്.