കോട്ടയം: ഓണത്തിന് കേരളത്തിന് ആവശ്യമുള്ള പച്ചക്കറി ഇവിടെ തന്നെ ലഭ്യമാക്കും. മിച്ചമുള്ള പച്ചക്കറി കയറ്റി അയയ്ക്കാനും ലക്ഷ്യമിടുന്നു കൃഷി വകുപ്പ്. 12 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉല്പാദിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനിൽ കുമാർ കഴിഞ്ഞ ദിവസം പറഞ്ഞു. പാറത്തോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച തനിമ ഓർഗാനിക് ഷോപ്പിന്റെയും ഹരിത വാരാചരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കവേയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
42 ലക്ഷം സ്കൂൾ വിദ്യാർഥികൾക്കും 63 ലക്ഷം കർഷകർക്കുമായി ഒരു കോടി വിത്ത് പാക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് കോടി പച്ചക്കറി തൈകൾ വിഎഫ്പിസികെ വഴിയും വിതരണം ചെയ്തിതിട്ടുണ്ട്. ഉല്പാദന വർധനവ് ഉണ്ടാകുന്ന സാഹചര്യം നേരിടുന്നതിന് വി എഫ് പി സി കെ യുടെ 277 ഓപ്പണ്‍ മാർക്കറ്റുകളും ഹോർട്ടികോർപിന്റെ 870 ഓപ്പണ്‍ മാർക്കറ്റുകളും എല്ലാ പഞ്ചായത്തുകളിലും എക്കോ ഷോപ്പുകളും തുറക്കും.
സംഭരിക്കുന്ന പച്ചക്കറികൾ ഏഴ് ദിവസം വരെ കറന്റ് ഇല്ലാതെ സൂക്ഷിക്കാൻ കഴിയുന്ന കൂൾ ചേംബറുകൾ സ്ഥാപിക്കുന്നതിനും നടപടി എടുത്തിട്ടുണ്ട്. വിപണനത്തിന് കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ മുഖേന വിപുലമായ മാർക്കറ്റ് സൗകര്യവും ഏർപ്പെടുത്തും.
പച്ചക്കറികൾ കണ്ടെയ്നറുകളിൽ കപ്പൽ മാർഗം കയറ്റി അയക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടന്ന് മന്ത്രി പറഞ്ഞു. ജൂണ്‍ – ജൂലൈ മാസങ്ങളിൽ എല്ലാ വാർഡുകളിലും കർഷക സഭകൾ ചേർന്ന് കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുമെന്നും കൃഷി വകുപ്പിന്റെ പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. പി.സി.ജോർജ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. രാജേഷ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആശാ ജോയി , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് ജയ ജേക്കബ് , കൃഷി ഓഫീസർ യമുന ജോസ് എന്നിവർ പ്രസംഗിച്ചു. ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷിച്ച 10-ാം ക്ലാസ് വിദ്യാർഥിനി പ്രിയദ ഹരിദാസിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.