കോട്ടയം: സാമ്പാര്, അവിയല് തുടങ്ങി മലയാളികളുടെ ഇഷ്ടപ്പെട്ട കറികളില്നിന്നു മുരിങ്ങയ്ക്ക പുറത്തായി.കാരണം മറ്റൊന്നുമല്ല മുരിങ്ങയ്ക്ക വില കിലോഗ്രാമിനു 500 രൂപയിലെത്തി. മറ്റു പച്ചക്കറികളായ സവാള, ബിറ്റുറൂട്ട്, വെളുത്തുള്ളി, ഇഞ്ചി, കാരറ്റ്, പച്ച ഏത്തക്കായ എന്നിവയ്ക്കും ഏത്തപ്പഴത്തിനും വില വര്ധിച്ചിട്ടുണ്ട്.
ദിവസങ്ങള്ക്കുള്ളിലാണ് മുരിങ്ങയ്ക്കയുടെ വില റോക്കറ്റ് പോലെ കുതിച്ചു കയറിയത്. കഴിഞ്ഞമാസം 20 വരെ കിലോഗ്രാമിന് 120 രൂപ വരെയായിരുന്ന വില കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് 500 രൂപയില് തൊട്ടത്. ഇതോടെ അടുക്കളയില്നിന്നും ഹോട്ടലുകളില്നിന്നും മുരങ്ങയ്ക്ക പുറത്തായി. ശബരിമല സീസണ് ആരംഭിച്ചതും തമിഴ്നാട്ടില്നിന്നുള്ള മുരിങ്ങക്കയുടെ വരവ് കുറഞ്ഞതുമാണ് വില കുത്തനെ ഉയരാന് കാരണം.
അരമീറ്ററോളം നീളം വരുന്ന മുരിങ്ങയ്ക്കായാണ് ഇപ്പോള് പ്രധാനമായും വിപണിയില് എത്തുന്നത്. നാടന് മുരിങ്ങയ്ക്ക വിപണിയിലെത്തിയാല് വില കുറയുമെന്നും വ്യാപാരികള് പറയുന്നു. കാന്താരി മുളകിന്റെ വിലയും കിലോഗ്രാമിനു 500 രൂപയിലെത്തി.
ആഴ്ചകള്ക്കു മുമ്പു വരെ 300 രൂപയുണ്ടായിരുന്ന കാന്താരിയാണ് ഇപ്പോള് 500രൂപയിലെത്തിയത്. ഏത്തപ്പഴത്തിന്റെ വിലയും ഉയരുകയാണ്. വില കിലോഗ്രാമിന് 75 മുതല് 80 രൂപവരെയെത്തി. 45-50 രൂപവരെയായിരുന്നു വില. പഴത്തിനൊപ്പം പച്ചക്കായയുടെ വിലയും ഉയര്ന്നിട്ടുണ്ട് 35 രൂപയില്നിന്നു വില 50 രൂപയിലെത്തി.
കഴിഞ്ഞമാസം ആദ്യം 40 രൂപയുണ്ടായിരുന്ന ബിറ്റുറൂട്ടിന് ഇന്നലെ കോട്ടയം മാര്ക്കറ്റില് 60 രൂപയാണു വില. കമ്പം ബീറ്റ്റൂട്ടിനാണ് 60 രൂപ. ഊട്ടി ബീറ്റ്റൂട്ട് ലഭിക്കുന്നത് 70-75 രൂപ നിരക്കിലാണ്. 55 രൂപയായിരുന്ന കാരറ്റിനു 80 രൂപയായി ഉയര്ന്നു. ചെറിയ സവാളയുടെ വില കിലോ
ഗ്രാമിനു 40 രൂപയും പുനെയില് നിന്നെത്തിക്കുന്ന വലുപ്പമുള്ള സവാളയുടെ വില 80 രൂപയു
മാണ്. വെളുത്തുള്ളി വില 400 രൂപ, ഇഞ്ചിവില 80 മുതല് 120 രൂപ വരെയുമാണ്. 55 രൂപയായിരുന്ന തേങ്ങയ്ക്ക് ഇപ്പോള് 64 രൂപയായി. കാബേജ്, വെണ്ടയ്ക്ക, തക്കാളി, കോവയ്ക്ക, ബീന്സ്, പയര്, മത്തങ്ങ, പടവലം എന്നിവയ്ക്കു കാര്യമായ തോതില് വില വര്ധിച്ചിട്ടില്ല.
വിപണിയിലെത്തുന്നത് ഉത്തരേന്ത്യന് മുരിങ്ങയ്ക്ക
കേരളത്തിലെ വിപണികളില് ഇപ്പോള് ലഭിക്കുന്നതു ഉത്തരേന്ത്യന് മുരിങ്ങക്കയാണ്. ഇവ പ്രധാനമായും എത്തുന്നതു ഗുജറാത്തിൽനിന്നാണ്.
ശബരിമല സീസണ് തുടങ്ങിയതോടയാണ് മുരിങ്ങയ്ക്കായ്ക്കു വിപണിയില് കുതിപ്പുണ്ടാക്കിയത്. തണുപ്പ് കാലം തുടങ്ങുന്നതോടെ നാടന് മുരിങ്ങയ്ക്ക വിളവ് കുറയും.
എന്നാല് ഉത്തരേന്ത്യന് മേഖലകളില് ഈ സീസണിലാണ് കായ് ഫലം കൂടുതലായി ലഭിക്കുന്നത്. മുരിങ്ങ കൃഷി ചെയ്യുന്ന രാജ്യങ്ങളില് ഇന്ത്യയാണ് ഒന്നാമത്.ആന്ധ്ര, തെലങ്കാന പ്രദേശങ്ങളിലാണ് വ്യപകമായി കൃഷി ചെയ്യുന്നത്. തമിഴ്നാടും കര്ണാടകവും തൊട്ടുപിന്നിലുണ്ട്.