പച്ചക്കറികള്‍ മലയാളികള്‍ക്ക് എത്രയാണെങ്കിലും മാറ്റിനിര്‍ത്താന്‍ സാധിക്കാത്തതാണ്. അതേസമയം, മലയാളികള്‍ ഇന്ന് ഏറ്റവുമധികം ഭയപ്പെടുന്നതും പച്ചക്കറികളെതന്നെയാണ്. മികച്ച വിളവിനും ലാഭത്തിനുമായി അതിമാരകമായ രാസപദാര്‍ത്ഥങ്ങളാണ് ഇന്ന് പച്ചക്കറികളില്‍ തളിക്കുന്നത്. അത് അന്യസംസ്ഥാനങ്ങളില്‍ നിന്ന വരുന്നതായാലും സ്വന്തം നാട്ടില്‍ ഉത്പാദിപ്പിക്കുന്നതായാലും ഇതുതന്നെയാണവസ്ഥ. പച്ചക്കറികളില്‍ തളിക്കുന്ന മാരകവിഷങ്ങളെ സംബന്ധിച്ചുള്ള പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. അടുത്തകാലത്തായി മലയാളികളുടെ തീന്മേശയില്‍ വിഭവങ്ങളായി മാറാന്‍ എത്തുന്ന പച്ചക്കറികള്‍ 2013 ല്‍ ബീഹാറില്‍ 23 കുട്ടികളുടെ മരണത്തിനിടയാക്കിയ ‘മോണോ ക്രോട്ടോഫോസ്’ എന്ന വിഷം ചേര്‍ത്തതാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബീഹാറിലെ സരണ്‍ ജില്ലയിലെ ഒരു സ്‌കൂളില്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെട്ട സോയാബീനില്‍ അടങ്ങിയ മോണോ ക്രോട്ടോഫോസ് അന്ന് 23 കുട്ടികളുടെ ജീവനെടുത്തത് രാജ്യാന്തര തലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. മോണോ ക്രോട്ടോഫോസ് അടക്കം പത്തിലധികം മാരക വിഷങ്ങള്‍ അനിയന്ത്രിതമായ തോതില്‍ തളിച്ച പച്ചക്കറികളാണ് നമ്മുടെ മാര്‍ക്കറ്റില്‍ ആഴ്ച്ചകളോളം കേടാകാതെ ഇരിക്കുന്ന ഭംഗിയുള്ള പലതും. ഒരുതരത്തിലും മനുഷ്യശരീരത്തില്‍ എത്താന്‍ പാടില്ലാത്തതും അളവില്‍ അല്‍പ്പം കൂടുതലുണ്ടായാല്‍ മരണകാരണമായി തീരുന്നതുമായ ഈ വിഷങ്ങള്‍, കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിരോധിച്ചവയാണ്. വിദേശരാജ്യങ്ങളില്‍ ഈ നിരോധനം പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ നിലവിലുണ്ട്.
കാന്‍സര്‍ മുതലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന മറ്റ് കീടനാശിനികളും പച്ചക്കറിയില്‍ ഒരളവുമില്ലാതെ തളിക്കുന്നത് കേരളത്തിലേക്ക് കയറ്റിവിടാന്‍ മാത്രമാണെന്ന് കര്‍ഷകര്‍ പറയുന്നു. തങ്ങള്‍ക്ക് വേണ്ട പച്ചക്കറികള്‍ എല്ലാം തന്നെ ഇവര്‍ ഈ കീടനാശിനികള്‍ ഉപയോഗിക്കാതെയാണ് വിളയിച്ചെടുക്കുന്നതെന്നതും ശ്രദ്ധേയം. കൃഷി തുടങ്ങി വിളവെടുക്കുന്നതിന് തൊട്ടടുത്ത ദിവസം വരെ 10 ഘട്ടങ്ങളിലായി കീടനാശിനി പ്രയോഗം നടന്നു കഴിഞ്ഞിരിക്കും. നമുക്കാവശ്യമുള്ള പച്ചക്കറികള്‍ അടുക്കളത്തോട്ടത്തിലോ ടെറസ്സിലോ വരെ ഉണ്ടാക്കിയെടുക്കാമെന്നിരിക്കെ സമയമില്ലായ്മയും കൃഷിയോടുള്ള വൈമനസ്യവും മൂലം വിലകൊടുത്ത് വിഷം വാങ്ങി കഴിക്കുന്ന ഒരു മനസ്ഥിതിയില്‍ എത്തി നില്‍ക്കുകയാണ് ഇന്ന് കേരളീയ സമൂഹം. നാട്ടില്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന മെഡിക്കല്‍ ക്ലിനിക്കുകളുടെയും സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലുകളുടെയും വിജയ രഹസ്യവും മറ്റൊന്നല്ലെന്നും അറിയാമെങ്കിലും അറിയാത്ത ഭാവം നടിക്കുന്നവരാണ് അധികമാളുകളും.