കാസർഗോഡ്: കേരളത്തിലേയ്ക്കുള്ള പച്ചക്കറി ലോറി ആക്രമിച്ചു പച്ചക്കറികൾ റോഡിലേയ്ക്കെറിഞ്ഞു നശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന ഡ്രൈവർക്കും സഹായിക്കും മർദനമേറ്റു. വണ്ടിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സംഭവത്തിനു പിന്നിൽ ബിജെപി പ്രാദേശിക നേതാക്കളാണെന്നാണ് ആരോപണം. ഇന്നലെ പുലർച്ചെ കേരള-കർണാടക അതിർത്തിയായ ബന്തടുക്ക മാണിമൂല കണ്ണാടിത്തോട് ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം.
അതിര്‍ത്തി മണ്ണിട്ട് അടച്ചതോടെ ചരക്കുവരവ് തടസപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അതിര്‍ത്തി അടച്ച സ്ഥലം വരെ കര്‍ണാടകയിലെ വ്യാപാരികള്‍ ലോറികളില്‍ പച്ചക്കറി എത്തിക്കുകയും അവിടെനിന്ന് കേരളത്തിലെ വ്യാപാരികള്‍ ലോറിയുമായി വന്ന് അതിലേക്ക് പച്ചക്കറി മാറ്റിക്കൊടുക്കുകയുമാണ് ചെയ്തുവന്നിരുന്നത്.
ഇതറിഞ്ഞാണ് ബിജെപിയുടെ പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സുള്ള്യ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട കോരിക്കര്മൂല എന്ന സ്ഥലത്ത് പച്ചക്കറി ലോഡുമായെത്തിയ ലോറി തടഞ്ഞ് അക്രമം അഴിച്ചുവിട്ടത്.
സംഭവത്തെക്കുറിച്ച് പച്ചക്കറി ലോറി ഡ്രൈവർ സതീഷ് പറയുന്നതിങ്ങനെ-“”മൈസൂരുവിൽ നിന്നാണ് മൂന്നു ടൺ പച്ചക്കറി ലോഡുമായി ലോറി അതിർത്തിയിലെത്തിയത്.
ആ വണ്ടിയിൽ നിന്നും തലച്ചുമടായി സാധനങ്ങൾ ഞങ്ങളുടെ വണ്ടിയിലേയ്ക്ക് കയറ്റുകയായിരുന്നു. അപ്പോഴാണ് ബൈക്കിൽ രണ്ടുപേർ വന്ന് ഇതു തടഞ്ഞത്. പിന്നീട് കൂടുതൽ ആളുകളെത്തി കർണാടകക്കാരായ ലോറിക്കാരെ മർദിക്കുകയും പച്ചക്കറികൾ റോഡിലേയ്ക്ക് വലിച്ചെറിയുകയും ചെയ്തത്.
സംഭവസ്ഥലത്ത് പോലീസുണ്ടായിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. വണ്ടിയിൽ 40 ബോക്സ് തക്കാളിയുണ്ടായിരുന്നു. ഇതിൽ 15 ബോക്സ് മാത്രമാണ് ഞങ്ങളുടെ വണ്ടിയിലേയ്ക്ക് കയറ്റാൻ സാധിച്ചത്.
ബാക്കിയുണ്ടായിരുന്ന അഞ്ചു ചാക്ക് വീതം വെള്ളരിക്ക, കക്കിരി, പയർ, നാലു ചാക്ക് പച്ചമുളക്, വെണ്ട, കോവയ്ക്ക, പാവൽ, വഴുതനങ്ങ എന്നിവയെല്ലാം നശിപ്പിച്ചു. വണ്ടി വാടക കൂടാതെ സാധനങ്ങളുടെ വിലയിനത്തിൽ മാത്രം 52,000 രൂപയുടെ നഷ്ടമുണ്ടായി.”
മർദനമേറ്റ സംഭവത്തിൽ കർണാടക സ്വദേശികൾ പരാതി നൽകിയിട്ടില്ല. അതിര്‍ത്തിക്കപ്പുറത്ത് നടന്ന സംഭവമായതിനാല്‍ തങ്ങള്‍ക്ക് നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ബേഡകം സിഐ ടി. ഉത്തംദാസ് പറഞ്ഞു. സംഭവത്തിനു പിന്നിൽ ബിജെപി പ്രാദേശിക നേതാക്കളാണെന്നും കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം പ്രസിഡന്റ് ജോസ് പാറത്തട്ടേൽ ആവശ്യപ്പെട്ടു.