സിജോ പൈനാടത്ത്
കൊച്ചി: ഉൗണിനു സാന്പാർ നിർബന്ധമെങ്കിൽ, ചെലവല്പം കൂടും! മുരിങ്ങാക്കോൽ, വെണ്ടയ്ക്ക എന്നിവയുടെ വില നൂറിലേക്കു കുതിക്കുകയാണ്. പച്ചക്കറികളിൽ ഇരുപതു രൂപയിൽ താഴെ വിലയ്ക്കു കിട്ടുന്നതു മത്തങ്ങ മാത്രം. മുരിങ്ങാക്കോലിനു കിലോയ്ക്ക് 98 രൂപയാണ് ഇപ്പോഴത്തെ ചില്ലറവിപണി വില. വെണ്ടയ്ക്കയുടെ വില 70ലെത്തി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിൽ ഇവ രണ്ടിന്റെയും വിലയിലുണ്ടായത് ഇരട്ടിയോളം വർധന. കുന്പളങ്ങയുടെ വില 32ലെത്തി. വെള്ളരിയ്ക്ക് 36 രൂപ കൊടുക്കണം.
രണ്ടാഴ്ച മുന്പു കിലോയ്ക്ക് പന്ത്രണ്ടു രൂപയായിരുന്നു കുന്പളങ്ങയുടെ വില. വെള്ളരി കഴിഞ്ഞ മാസം കിട്ടിയതു പത്തു രൂപയ്ക്ക്. ദിവസങ്ങൾക്കു മുന്പു പതിനഞ്ചു രൂപയ്ക്കു കിട്ടിയ തക്കാളി ഇന്നലെ 26 രൂപയിലെത്തി. പച്ചമുളകിനു 56 രൂപയെങ്കിൽ, കാന്താരി മുളകു കിട്ടാൻ കിലോയ്ക്ക് 510 രൂപ നൽകണം. ബീൻസ് 52, പാവയ്ക്ക 45, കോവയ്ക്ക 35, പടവലം 33, കാരറ്റ് 31, ബീറ്റ്റൂട്ട് 31, ഇഞ്ചി 42, മാങ്ങ 46, മത്തങ്ങ 19, ചേന 35, വഴുതന 35, അമര 40, കറിനാരങ്ങ 86, കോളിഫ്ളവർ 36, കുക്കുംബർ 40, കൂർക്ക 30, പീച്ചിങ്ങ 55 എന്നിങ്ങനെയാണ് ഇന്നലെ എറണാകുളം മാർക്കറ്റിലെ വിലനിലവാരം.
നിത്യോപയോഗ സാധനങ്ങളായ അരി, പഞ്ചസാര എന്നിവയുടെ വിലയിൽ കഴിഞ്ഞ ഒരു മാസമായി വില ഉയർന്നുനിൽക്കുകയാണ്. ഇതിനു പിന്നാലെ പച്ചക്കറിവിലയിലുമുണ്ടായ വർധന സാധാരണക്കാർക്കു തിരിച്ചടിയായി. വിവാഹപാർട്ടികളും കാറ്ററിംഗ് സർവീസുകാരും ഒരു മാസം മുന്പ് അയ്യായിരം രൂപയ്ക്കു വാങ്ങിയിരുന്ന സാധനങ്ങൾക്ക് ഇപ്പോൾ പതിനായിരത്തിലധികം രൂപ നൽകേണ്ടിവരുമെന്നു പച്ചക്കറി മൊത്തവ്യാപാരിയായ പോൾ വർഗീസ് പറഞ്ഞു.
അതേസമയം സവോള, ചെറുവുള്ളി എന്നിവയുടെ വില കാര്യമായി ഉയരാത്തതു തെല്ലൊരാശ്വാസമാണ്. 20 രൂപയ്ക്കു സവോളയും 30 രൂപയ്ക്കു ചെറുവുള്ളിയും കിട്ടും. വെളുത്തുള്ളിയുടെ വില 165 ആണ്.
തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെ കടുത്ത വേനലാണു പച്ചക്കറികൾക്കു വില ഉയരാൻ പ്രധാന കാരണം. വെള്ളത്തിന്റെ ബുദ്ധിമുട്ടുമൂലം തോട്ടങ്ങളിൽ വിളവു കുറഞ്ഞിട്ടുണ്ട്. ഇതുമൂലം കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവിലും കുറവുണ്ടായി. ഏത്തയ്ക്ക, ഞാലിപ്പൂവൻ, റോബസ്റ്റ എന്നിവയുടെയും വില ഉയർന്നിട്ടുണ്ട്. ഏത്തപ്പഴത്തിന്റെയും ഞാലിപ്പൂവന്റെയും വില കിലോയ്ക്ക് 60ലെത്തി. ഒരു മാസം മുന്പു കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന റോബസ്റ്റ ഇപ്പോൾ കിട്ടാൻ 35 രൂപ കൊടുക്കണം. പാളയംകോടന്റെ വിലയും ഉയർന്നു.ഡീസൽ വിലവർധനവ്, നോട്ടുപ്രതിസന്ധി എന്നിവയും പച്ചക്കറി വില വർധിക്കാൻ കാരണമായിട്ടുണ്ടെന്നു കച്ചവടക്കാർ പറയുന്നു.