തിരുവനന്തപുരം: പച്ചക്കറി വിലക്കയറ്റത്തിന് തടയിടാൻ അന്യസംസ്ഥാനത്ത് നിന്നും കുടുതൽ പച്ചക്കറികൾ അടുത്തയാഴ്ച മുതൽ സംസ്ഥാനത്തെത്തും .
ഹോർട്ടികോർപ്പ് അധികൃതർ തെങ്കാശിയിലെ കർഷകസംഘങ്ങളിൽ നിന്നും ഇടനിലക്കാരില്ലാതെ പച്ചക്കറികൾ വാങ്ങാൻ ധാരണയായ സാഹചര്യത്തിലാണ് കൂടുതൽ പച്ചക്കറികൾ കേരളത്തിലെത്തുന്നത്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യ ലോഡുകൾ എത്തുന്നത്.
പിന്നീട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിലെ ഹോർട്ടികോർപ്പിന്റെ സെന്ററുകളിൽ നിന്നും സംസ്ഥാനത്തെ എല്ലാ ഒൗട്ട് ലെറ്റുകളിലേക്കും എത്തിക്കാനാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
ദിനംപ്രതി പത്ത് ടണ് പച്ചക്കറികൾ അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പച്ചക്കറികൾ എത്തിക്കുന്നത്.
വെണ്ട യ്ക്ക, അമരക്ക, ചെറിയ ഉള്ളി, സവാള, പയർ വർഗങ്ങൾ, വെള്ളരി ഉൾപ്പെടെയുള്ള പച്ചക്കറികൾ വ്യാപകമായി കൃഷി ചെയ്യുന്ന പ്രദേശമാണ് തെങ്കാശി.
അവിടുത്തെ കർഷക സംഘങ്ങളുമായി നേരിട്ടാണ് ഹോർട്ടികോർപ്പ് പച്ചക്കറികൾ വാങ്ങുന്നത്. തമിഴ്നാട് സർക്കാരിന്റെ വില അനുസരിച്ചാണ് കേരളത്തിന് പച്ചക്കറികൾ സംഘങ്ങൾ നൽകുന്നത്.
ഇത് കേരളത്തിലെ വിപണി വിലയെക്കാൾ കുറവാണ്. കഴിഞ്ഞ രണ്ട ാഴ്ചയിലേറെയായി സംസ്ഥാനത്ത് തീ പിടിച്ച വിലയാണ് പച്ചക്കറിക്ക് ഈടാക്കി വന്നിരുന്നത്.
തക്കാളിക്ക് നൂറ് രൂപയ്ക്ക് മുകളിലും മുരിങ്ങക്ക 140 രൂപയ്ക്ക് മുകളിലും വില ഉയർന്നിരുന്നു. എന്നാൽ ഹോർട്ടി കോർപ്പ് അന്യസംസ്ഥാനത്ത് നിന്നും വാങ്ങിയ പച്ചക്കറികൾക്ക് വിപണി വിലയെക്കാൾ കുറവായിരുന്നു.
എന്നാൽ പച്ചക്കറികളുടെ ലഭ്യത കുറവായിരുന്നതിനാൽ ജനങ്ങൾക്ക് മാർക്കറ്റുകളിൽ നിന്നും വാങ്ങേണ്ട അവസ്ഥ വരികയായിരുന്നു.
ഇതേ തുടർന്നാണ് ഹോർട്ടികോർപ്പ് എംഡി സജീവിന്റെ നേതൃത്വത്തിലുള്ള സംഘം തെങ്കാശിയിലെ കർഷക സംഘങ്ങളുമായി ചർച്ച നടത്തി കേരളത്തിലേക്ക് പച്ചക്കറി വാങ്ങാൻ ധാരണയായത്.