കോട്ടയം: കോട്ടയം ജില്ലയിൽ റെഡ് സോണ്‍ പ്രഖ്യാപിച്ചതോടെ പച്ചക്കറി കർഷകർ ദുരിതത്തിൽ. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കർഷകർ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ മറ്റു ജില്ലകളിൽ എത്തിച്ചാണ് പതിവായി വില്പന നടത്തുന്നത്.
കർഷകർ വിഎഫ്പിസികെയുടെ വിവിധ ഒൗട്ട് ലെറ്റുകളിൽ എത്തിച്ചു നല്കുന്ന പച്ചക്കറികൾ പിക്ക് അപ്പ് വാനുകളിലും ലോറികളുമായി അയൽ ജില്ലകളായ ആലപ്പുഴ, എറണാകുളം, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലെ മാർക്കറ്റുകളിൽ എത്തിക്കുകയാണ് ചെയ്തിരുന്നത്.
ജില്ലയിൽ റെഡ് സോണ്‍ പ്രഖ്യാപിച്ചതോടെ പച്ചക്കറികൾ മറ്റു ജില്ലകളിലേക്കു കൊണ്ടു പോകാൻ തടസം നേരിട്ടിരിക്കുകയാണ്. ജില്ലയിൽ 30ൽപ്പരം വിഎഫ്പിസികെ ഒൗട്ട്ലെറ്റുകളിലായി പടവലങ്ങ, വെള്ളരിക്ക എന്നിവ ടണ്‍ കണക്കിനു കെട്ടിക്കിടക്കുകയാണ്.
മറ്റു പച്ചക്കറികൾ വിഎഫ്പിസികെ ഒൗട്ട്ലെറ്റുകളിൽ എത്തുന്നുണ്ടെങ്കിലും അവ ജില്ലയിലെ തന്നെ കച്ചവടക്കാർ വാങ്ങുന്നതിനാൽ ഒൗട്ട്ലെറ്റുകളിൽ ധാരാളമായി കെട്ടിടക്കുന്നില്ല. മറ്റു പച്ചക്കറികളെ അപേക്ഷിച്ചു വെള്ളരിക്ക, പടവലങ്ങ എന്നിവ വലിയ തോതിലാണ് ജില്ലയിൽ ഉല്പാദിപ്പിക്കപ്പെടുന്നത്.
തന്നെയുമല്ല ജില്ലയിലെ കടകൾ നേരെത്തെ അടയ്ക്കുന്നതിനാൽ വ്യാപാരികൾ എടുക്കുന്ന പച്ചക്കറികളുടെ അളവും കുറവാണ് ഇതും പ്രതിസന്ധിക്കു കാരണമായിട്ടുണ്ട്. അധികൃതർ ഇടപെട്ടു ഉടനടി നടപടി സ്വീകരിച്ചില്ലെങ്കിൽ പച്ചക്കറികൾ നശിച്ചുപോകുമെന്ന് കർഷകർ പറയുന്നു.
പച്ചക്കറികൾ കയറ്റുന്ന വാഹനങ്ങൾ മറ്റു ജില്ലകളിലേക്കു കടന്നു പോകുന്നതായി വാഹനങ്ങൾക്കു പാസ് എടുത്തു നല്‍കുന്നതിനായി നടപടികൾ ആരംഭിച്ചതായും ഇതോടെ പ്രതിസന്ധിയ്ക്കു പരിഹാരമാകുമെന്നും വിഎഫ്പിസികെ ജില്ലാ അധികൃതർ അറിയിച്ചു.