വടക്കഞ്ചേരി: പച്ചക്കറി സാന്പിളുകൾ പരിശോധിക്കുന്നതിനുള്ള അംഗീകൃത ലാബുകൾ ജില്ലയിലോ സമീപ ജില്ലകളിലോ ഇല്ലാത്തത് കർഷകർക്കും ഇക്കോ ഷോപ്പ് നടത്തിപ്പുകാർക്കും ബുദ്ധിമുട്ടാകുന്നു. തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ പെസ്റ്റിസൈഡ് റെസിഡ്യു റിസർച്ച് ആൻഡ് അഗ്രിക്കൾച്ചറൽ ലബോറട്ടറി മാത്രമാണ് കർഷകരുടെ പച്ചക്കറി സാന്പിളുകൾ പരിശോധിക്കുന്നതിനുള്ള നിലവിലുള്ള ഏക സംവിധാനം.
പരിശോധനയ്ക്കായി പച്ചക്കറി സാന്പിളുകൾ തിരുവനന്തപുരത്ത് എത്തിക്കണം. ഇതിനായി ഒരാൾ തിരുവനന്തപുരത്ത് പോകണം. പരിശോധിച്ച് ഫലംകിട്ടാൻ പിന്നേയും രണ്ടാഴ്ച കാലതാമസം വരും. ഇത്രയുംദിവസം തോട്ടങ്ങളിലുണ്ടാകുന്ന പച്ചക്കറി എന്തുചെയ്യണമെന്നതു കർഷകരെ അലട്ടുന്ന പ്രശ്നമാണ്.
ഹ്രസ്വകാല പച്ചക്കറികളാണെങ്കിൽ പരിശോധനാഫലം വരുംമുന്പേ വിളയുടെ ഉത്പാദനം കഴിഞ്ഞിട്ടുണ്ടാകും. ജൈവരീതിയിൽ ഉണ്ടാക്കുന്ന ഉത്പന്നം ലാബിലെ പരിശോധനയ്ക്ക് നല്കി രാസകീടനാശിനി പ്രയോഗം നടത്തുന്ന പച്ചക്കറികൾ വില്പനയ്ക്ക് എത്തിക്കാനുള്ള സാധ്യതയും ഈ സംവിധാനത്തിൽ കൂടുതലാണെന്നു ചൂണ്ടിക്കാട്ടുന്നു.
പരിശോധനാ ലാബുകൾ രണ്ടോ മൂന്നോ ജില്ലകളിൽ കൂടി ആരംഭിച്ചാൽ പരിശോധന വൈകാതെ നടക്കുന്നതിനൊപ്പം ശുദ്ധമായ ജൈവ പച്ചക്കറികൾ ഉപഭോക്താവിന് ലഭ്യമാകുന്നുണ്ടെന്നു ഉറപ്പിക്കാനുമാകും. ഇതിനു കൃഷിവകുപ്പ് താത്പര്യമെടുക്കണം. ഏറ്റവും ഉയർന്ന വിലയ്ക്കാണ് ജൈവ പച്ചക്കറികളുടെ വില്പന നടക്കുന്നത്.
ഇതിനാൽ ശുദ്ധത നൂറുശതമാനമായില്ലെങ്കിൽ ഉപഭോക്താവ് വഞ്ചിതരാകുന്നതിനു പുറമേ സത്യസന്ധമായി കൃഷിചെയ്യുന്ന കർഷകരും കബളിപ്പിക്കപ്പെടും.വെള്ളായണി കാർഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലബോറട്ടി ഇന്ന് ശ്രദ്ധേയമാണ്. കീടനാശിനി നൂറുകോടിയിൽ ഒരു അംശംവരെ കണ്ടെത്തുന്ന അന്താരാഷ്ട്ര നിലവാരമുള്ള അത്യാധുനിക സംവിധാനമാണ് വെള്ളായണിയിലുള്ളത്.