പത്തനംതിട്ട: ഓണം വിപണി നാടൻ കർഷകർക്ക് പ്രതീക്ഷയ്ക്കു വക നൽകുന്നുണ്ടെങ്കിലും ഉത്പന്നങ്ങൾക്ക് കടുത്ത ക്ഷാമം. ഏത്തക്കായ, കിഴങ്ങുവർഗങ്ങൾ, പച്ചക്കറി എന്നിവയുടെ വിലയാണ് കർഷകർക്ക് പ്രതീക്ഷ നൽകുന്നത്. ഇതിനിടെ നാടൻ ഉത്പന്നങ്ങളുടെ ക്ഷാമത്തെതുടർന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന നിത്യോപയോഗസാധനങ്ങളുടെയും പച്ചക്കറി ഉൾപ്പെടെയുള്ളവയുടെയും വിലയിലും വർധനയുണ്ടായി.
ലോറി സമരവും മാറിവന്ന കാലവർഷവും ഇത്തവണ കാർഷിക മേഖലയെ തകിടം മറിച്ചിരിക്കുകയാണ്. ഓണം വിപണി മുന്നിൽ കണ്ട് കൃഷി ഇറക്കിയ കർഷകരും വില്പനക്കൊരുങ്ങിയ കച്ചവടക്കാരെയുമാണ് മഴ ഏറെ ബാധിച്ചത്. കാർഷിക വിളകളുടെ ലഭ്യതക്കുറവ് ചെറുകിട കച്ചവടത്തെ കാര്യമായി ബാധിച്ചു. ലഭ്യതക്കുറവാണ് ഉത്പന്നങ്ങളുടെ വിലവർധനയ്ക്ക് കാരണമായതെന്ന് കച്ചവടക്കാർ പറയുന്നു. നാടൻ പച്ചക്കറികൾ കിട്ടാനില്ല. ഓണത്തിനു മുന്നോടിയായി പച്ചക്കറികളുടെ വിലയിൽ വീണ്ടും വർധന ഉണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു. വിപണനത്തെയും സാരമായി ബാധിച്ചു.
നാടൻ ഏത്തക്കായ വില ഉയരുന്നത് കഷകർക്ക് പ്രതീക്ഷ നൽകുന്നു. ഓണം വിപണിയിലേക്ക് ഏത്തക്കുല പ്രതീക്ഷിച്ചതു പോലെ എത്തില്ല. കാലവർഷക്കെടുതിയിൽ ഏറ്റവുമധികം നഷ്ടമുണ്ടായത് ഏത്തക്കുല കർഷകർക്കാണ്. വിളവെത്താറായ നിരവധി ഏത്തക്കുലകളാണ് നശിച്ചത്. ഇതുകാരണം വിലയിൽ ഓരോദിനവും വർധനയുണ്ടാകുന്നു. കിലോഗ്രാമിന് 70 മുതൽ 80 രൂപ വരെ വില ഉയർന്നു. ഓണം അടുത്തെത്തുന്പോഴേക്കും വില 100 രൂപയിലെത്തുമെന്ന് കരുതുന്നു.
കിഴങ്ങുവർഗങ്ങളുടെ വിലയിലും വർധനയുണ്ട്. ശീമചേന്പിന് 70 – 75 രൂപ, ചേന – 60.00 എന്നിങ്ങനെ കിലോഗ്രാമിന് വില ഉയർന്നിട്ടുണ്ട്. കാച്ചിൽ വിലയിലും വർധനയുണ്ട്. വില ഉയരുന്നത് കർഷകർക്കു പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും പൊതുവിപണിയിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്കും സമാനമായ വില ഈടാക്കിത്തുടങ്ങുന്നത് ഉപഭോക്താക്കളെ നഷ്ടത്തിലാക്കും. നാടൻ പയറിനു 90.00, പാവയ്ക്ക – 80.00, പച്ചമുളക് – 80.00, കാരറ്റ് – 80.00, ബീൻസ് – 80.00 എന്നിങ്ങനെയുമാണ് വില.
തമിഴ്നാട്ടിലെ കോയന്പത്തൂർ, കന്പം, തേനി, ഊട്ടി എന്നിവിടങ്ങളിൽ നിന്നുമാണ് പച്ചക്കറി കൂടുതലായി ജില്ലയിൽ എത്തുന്നത്. വലിയ വാഹനത്തിൽ എത്തുന്ന പച്ചക്കറിക്ക് കൂടുതൽ വില ഈടാക്കുന്നുണ്ട്. ഗ്രാമങ്ങളിലെ കർഷകരിൽ നിന്നും പച്ചക്കറി ഉത്പന്നങ്ങൾ ലഭിക്കാതെ വരുന്പോൾ ഓണം പോലെയുള്ള ഉത്സവ സീസണുകളിൽ ചെറുകിട കച്ചവടക്കാർ അയൽസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിവിശേഷമാണ് കണ്ടുവരുന്നത്. കൃഷിയിടങ്ങളിൽ വെള്ളം കയറി നെൽകൃഷി ഉൾപ്പടെ നശിച്ചിരിക്കുന്നതിനാൽ കർഷകർക്ക് വലിയ നഷ്ടവും നേരിടേണ്ടി വന്നു.