തൊടുപുഴ: പച്ചക്കറി വിപണിയിൽ പല ഇനങ്ങൾക്കും പൊള്ളുന്ന വില. കാബേജിന്റെ വില റെക്കോർഡിലേക്കു കുതിക്കുകയാണ്. തമിഴ്നാട്ടിലെ കനത്ത മഴയാണ് പച്ചക്കറി വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
ചുവന്നുള്ളി, സവോള എന്നിവയുടെ വില കേട്ടാൽ തന്നെ കണ്ണുനിറയുന്ന സ്ഥിതിയായി. ഒരു കിലോഗ്രാം കാബേജിനു 70 രൂപ വരെയാണു ചില്ലറ വിൽപനക്കാർ ഈടാക്കുന്നത്. സവോളയ്ക്കു കിലോഗ്രാമിന് 45-48 രൂപയും ചുവന്നുള്ളിക്കു 140 രൂപയുമാണ് ശരാശരി ചില്ലറവില. സവോള ഉള്ളി എന്നറിയപ്പെടുന്ന ഗുണനിലവാരം കുറഞ്ഞ സവോളയ്ക്ക് 56 രൂപയാണ് ഈടാക്കുന്നത്.
വിളനാശമാണ് സവോളയുടെയും ഉള്ളിയുടെയും വില വർധനവിനു കാരണമായി പറയുന്നത്. മറ്റു പല പച്ചക്കറി ഇനങ്ങളുടെയും വില ഉയർന്നുതന്നെ നിൽക്കുകയാണ്. കാരറ്റിന് 60 രൂപയും തക്കാളിക്ക് 60 രൂപയുമാണ് ഈടാക്കുന്നത്. വെണ്ടക്ക കിലോഗ്രാമിന് 30 രൂപ, വഴുതനങ്ങ 40, പടവലം30 , പച്ചമുളക് 50, മുരിങ്ങക്ക 100, കോവയ്ക്ക40, ബീൻസ് 40, ഇഞ്ചി 40, വെളുത്തുള്ളി 60, വെള്ളരിക്ക 30, ബീറ്റ്റൂട്ട്40, പാവയ്ക്ക 60, മത്തങ്ങ25, വള്ളിപ്പയർ 70 എന്നിങ്ങനെയാണു ചില്ലറ വില. ദീപാവലിക്കു ശേഷം വിലയിൽ കാര്യമായ കുറവു വന്നില്ലെന്നു വിൽപ്പനക്കാർ പറയുന്നു. പച്ചക്കറിയുടെ വരവ് കുറഞ്ഞതാണു വിലക്കയറ്റത്തിനു കാരണമായി ചില്ലറവിൽപനക്കാർ പറയുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നും മറ്റും പ്രാദേശികമായി പച്ചക്കറി ഉത്പാദനം കുറഞ്ഞതും പല ഇനങ്ങളുടെയും വിലവർധനവിനുകാരണമായിട്ടുണ്ട്. തേങ്ങ, വെളിച്ചെണ്ണ വിലയും ഉയർന്നു നിൽക്കുകയാണ്. തേങ്ങായ്ക്കു കിലോഗ്രാമിന് 50 രൂപയാണ് പലയിടങ്ങളിലും ചില്ലറ വിൽപ്പനക്കാർ ഈടാക്കുന്നത്. വെളിച്ചെണ്ണയ്ക്കു 200 രൂപയും. അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നതു സാധാരണക്കാരുടെ അടുക്കള ബജറ്റിന്റെ താളം തെറ്റിക്കുകയാണ്. തൊടുപുഴയിലെ ഹോൾസെയിൽ വ്യാപാരികൾ കൂടുതലായും കോയന്പത്തൂരിൽ നിന്നാണ് പച്ചക്കറിയെടുക്കുന്നത്.