ന്യൂഡൽഹി: വിലക്കയറ്റം വീണ്ടും കയറുന്നു. ഏപ്രിലിൽ മൊത്തവിലക്കയറ്റവും ചില്ലറവിലക്കയറ്റവും വർധിച്ചു. മൊത്തവിലക്കയറ്റം മാർച്ചിലെ 2.47 ശതമാനത്തിൽനിന്ന് ഏപ്രിലിൽ 3.18 ശതമാനമായി. ചില്ലറ വിലക്കയറ്റമാകട്ടെ 4.28ൽനിന്ന് 4.58 ശതമാനത്തിലേക്കു കൂടി.
ഭക്ഷ്യവിലകൾ വീണ്ടും ഉയർന്നുതുടങ്ങി. മൊത്തവില സൂചിക പ്രകാരം മാർച്ചിൽ 0.29 ശതമാനം താണ ഭക്ഷ്യവില ഏപ്രിലിൽ 0.87 ശതമാനം ഉയർന്നു. ചില്ലറവിപണിയിൽ ഭക്ഷ്യവിലക്കയറ്റം കൂടിയ തോതിലാണ്. 2.8 ശതമാനമാണു ചില്ലറവില സൂചിക പ്രകാരമുള്ള ഭക്ഷ്യവിലക്കയറ്റം. തലേ ഏപ്രിലിൽ ഇത് 0.61 ശതമാനം മാത്രമായിരുന്നു.
ധാന്യവില ചില്ലറവിപണിയിൽ 2.56 ശതമാനം വർധിച്ചു. വസ്ത്രങ്ങൾ, ചെരിപ്പുകൾ എന്നിവയുടെ വിലയിൽ 5.11 ശതമാനം വർധനയുണ്ട്. പയറുവർഗങ്ങൾക്കും പച്ചക്കറികൾക്കും അല്പം കുറവുണ്ട്.
തേയില, പഴങ്ങൾ, സമുദ്രമത്സ്യങ്ങൾ, മുട്ട, റാഗി, ബാർലി, റബർ, എണ്ണക്കുരുക്കൾ എന്നിവയ്ക്കും വില വർധിച്ചു. കൊപ്ര, ധാതുക്കൾ തുടങ്ങിയവയ്ക്കു കുറഞ്ഞു.