തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുറഞ്ഞ് തുടങ്ങി. കഴിഞ്ഞ ദിവസം വരെ 30 കിലോയുടെ ഒരു ബോക്സ് തക്കാളിക്ക് 1800 രൂപയായിരുന്നത് ഇന്ന് 1000 രൂപയായി കുറഞ്ഞിട്ടുണ്ട്. തക്കാളി ഒരു കിലോയ്ക്ക് 68 രൂപയായി.
വിപണിയിൽ വില കൂടിയതിനെ തുടർന്ന് ഹോർട്ടികോർപ്പ് അന്യസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി നേരിട്ട് വാങ്ങി സംസ്ഥാനത്ത് വിൽപ്പന നടത്തിയിരുന്നു.
ബീൻസ് 85 രൂപയായിരുന്നത് 40 രൂപയായി കുറഞ്ഞു. കത്തിരിക്ക 40, വഴുതനങ്ങ 50, സലാഡ് വെള്ളരിക്ക 10, കോളിഫ്ളവർ 35 , പാവയ്ക്ക 60, ചെറിയ ഉള്ളി 45 എന്നിങ്ങനെയാണ് ഇന്നത്തെ വില.
കഴിഞ്ഞ മൂന്ന് ദിവസമായി പച്ചക്കറി വില കുതിച്ചുയർന്നിരുന്നു. തമിഴ്നാട്ടിൽ ശക്തമായ മഴയെ തുടർന്ന് കൃഷിയിടങ്ങളിൽ വെള്ളം കയറിയതോടെയാണ് പച്ചക്കറിക്ക് വില കൂടിയത്.
കർഷകർ വില കൂട്ടി വിൽപ്പന നടത്തിയത് കേരളത്തിലും പ്രതിഫലിച്ചുവെന്നാണ് പച്ചക്കറി വ്യാപാരികൾ വ്യക്തമാക്കുന്നത്.ഹോർട്ടികോർപ്പ് അന്യസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി നേരിട്ട് വാങ്ങുന്നത് തുടരും.