വാഴക്കുളം: പ്രളയാനന്തരം ഭക്ഷ്യോത്പാദന മേഖലയിൽ വൻ തകർച്ച. മൂവാറ്റുപുഴ മേഖലയിലെ പ്രാദേശിക പച്ചക്കറി ഉത്പാദനം വളരെ കുറഞ്ഞിരിക്കുകയാണ്. ഉത്പന്നങ്ങൾക്കുണ്ടായ വിലയിടിവ് വിപണിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇത് സാധാരണ കർഷകർക്കും വ്യാപാരികൾക്കും വൻ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. കർഷക ഓപ്പണ് മാർക്കറ്റുകളിലും ഇതിന്റെ പ്രതിഫലനം ഉണ്ടായിട്ടുണ്ട്.
ഉത്പന്നങ്ങളുടെ വരവ് കുറയുന്പോൾ സ്വാഭാവികമായും വില ഉയരേണ്ടതാണ്. എന്നാൽ കാർഷികോത്പന്നങ്ങളുടെ വരവു കുറഞ്ഞ് വ്യാപാരശാലകളിൽനിന്ന് ഇവ വിറ്റു പോകാത്ത സ്ഥിതിയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നു പച്ചക്കറികൾ എത്തുന്നുണ്ടെങ്കിലും കച്ചവടം കുറവായതിനാൽ മൊത്തക്കച്ചവടക്കാരും കുറഞ്ഞ വിലയിലാണ് പച്ചക്കറികൾ വാങ്ങുന്നതും വിപണിയിലെത്തിക്കുന്നതും.
കാബേജ്, ബീൻസ്, മുരിങ്ങക്കായ തുടങ്ങിയവ 20 രൂപ നിരക്കിലും തക്കാളി-18, വെണ്ടക്ക-24, ബീറ്റ്റൂട്ട്-25 രൂപ നിരക്കിലുമാണ് കഴിഞ്ഞ ദിവസം മൊത്തക്കച്ചവടക്കാർ പച്ചക്കറികൾ വിപണിയിലെത്തിച്ചത്. പ്രളയശേഷം അനുഭവപ്പെടുന്ന കടുത്ത ജലക്ഷാമവും പുരയിടങ്ങളിലെ മണ്ണിന്റെ ഘടന മാറിപ്പോയതും പച്ചക്കറി കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. വാഴക്കുലകളിൽ ഞാലിപ്പൂവനൊഴികെ മറ്റൊന്നും തന്നെ കർഷകന് ലാഭകരമാകുന്നില്ല.
വെളളം കയറിയ വാഴത്തോട്ടങ്ങളിൽ വേര് ചീയൽ ഭീഷണിയാണ് കർഷകർ നേരിടുന്ന മറ്റൊരു പ്രശ്നം. മരച്ചീനിയും വെളളക്കെട്ടു ഭീഷണിയുടെ ദുരിതമനുഭവിക്കുകയാണ്. പ്രാദേശിക കൃഷിയിടങ്ങളിൽനിന്ന് മരച്ചീനിയുടെ വരവ് ഗണ്യമായി കുറഞ്ഞിരിക്കുന്നു. ശരാശരി 30 രൂപയാണ് മരച്ചീനിക്കു വിപണിയിൽ ലഭിക്കുന്നത്.
താരതമ്യേന ഉത്പാദന ചെലവു കുറഞ്ഞ ചേന, മത്തങ്ങ, കുന്പളങ്ങ തുടങ്ങിയവക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശരാശരി പകുതി വിലയേ ലഭിക്കുന്നുള്ളൂ. കൃഷിയിടം അനുയോജ്യമായി ഒരുങ്ങാത്തതിനാൽ കാർഷിക നഴ്സറികളിൽ ആവശ്യക്കാരെത്താറില്ലെന്ന് നഴ്സറി ഉടമകൾ പറയുന്നു.
വ്യാപാരശാലകളിൽ പതിവുപോലെ ഉത്പന്നങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ എത്തുന്നില്ലെന്ന് വ്യാപാരികളും പറയുന്നു. വിവിധ മേഖലകളിലെ തൊഴിൽ നഷ്ടവും യഥേഷ്ടം പണവിനിമയം നടക്കാത്തതും അവശ്യ ഭക്ഷ്യോത്പന്ന മേഖലയിൽ മാന്ദ്യം സൃഷ്ടിക്കുകയാണ്.