കോട്ടയം: കരുണാനിധിയുടെ മരണത്തുടർന്ന് തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് മുടങ്ങി. വിവിധ ഡിപ്പോകളിൽനിന്നുള്ള മധുര, കോയന്പത്തൂർ, വേളാങ്കണ്ണി തുടങ്ങിയ സർവീസുകൾ ഒഴിവാക്കി. കുമളി ഡിപ്പോയിൽനിന്നുള്ള കന്പം സർവീസുകളും മുടങ്ങി. ബസുകൾ റദ്ദാക്കിയതോടെ യാത്രക്കാർ ട്രെയിനുകളെ ആശ്രയിച്ചു.
തമിഴ്നാട്ടിൽ നിന്നുള്ള ബസുകളും ഇന്നലെ മുടങ്ങിയിരുന്നു. തമിഴ്നാട്ടിൽനിന്ന് പതിവായി എത്തിയിരുന്ന ഇറച്ചിക്കോഴി ലോറികളും ഇന്നലെ എത്തിയിയില്ല. മുട്ടയ്ക്കും ക്ഷാമം നേരിട്ടു.തമിഴ്നാട്ടിൽ പച്ചക്കറി, കോഴി, മുട്ട എന്നിവയ്ക്കായി പോയി ലോറികൾ ചൊവാഴ്ച വൈകുന്നേരം തന്നെ ചരക്കെടുക്കാതെ തിരികെപ്പോന്നു.
ഒരാഴ്ചത്തേക്കു കന്പം, തേനി മാർക്കറ്റുകളിൽ ചരക്കെത്താൻ സാധ്യതയില്ലാത്തതിനാൽ പച്ചക്കറി വില ഉയർന്നേക്കും. കന്പത്തും തേനിയിലും ഇന്നലെ മാർക്കറ്റുകൾ പ്രവർത്തിച്ചില്ല. കേരളത്തിൽനിന്നുള്ള ലോറികൾ തിങ്കളാഴ്ച മാത്രമെ ഇനി തമിഴ്നാട്ടിലേക്കു പോകാനിടയുള്ളു.
വേളാങ്കണ്ണി ഉൾപ്പെടെ തീർഥാടന കേന്ദ്രങ്ങളിലേക്കും വിനോദസഞ്ചാര മേഖലയിലേക്കും ബുക്ക് ചെയ്ത ഓട്ടം പലയിടങ്ങളിലും റദ്ദാക്കി. തമിഴ് നാട്ടിൽ അങ്ങിങ്ങ് അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ബസ് സർവീസ് ഒഴിവാക്കിയത്.