കോഴിക്കോട്: പേമാരിയും വെള്ളപൊക്കവും ശക്തമായതോടെ സംസ്ഥാനത്തേക്കുള്ള പച്ചക്കറി വരവ് കുറഞ്ഞു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുനീക്കം നിലച്ചിരിക്കുകയാണ്. ഇതോടെ പ്രധാന നഗരങ്ങളിലുള്‍പ്പടെ പച്ചക്കറി ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പ്രദേശികമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും വിപണിയില്‍ എത്താതായതോടെ വില കുത്തനെ വര്‍ധിക്കുകയാണ്.
പച്ചമുളക്, കാരറ്റ്, തക്കാളി, ചേന, ഇഞ്ചി, കാബേജ്, മുരിങ്ങ, വെണ്ട ഉള്‍പ്പടെയുള്ള പച്ചക്കറികള്‍ ഇന്നലെ മുതല്‍ സംസ്ഥാനത്തേക്ക് എത്തിയിട്ടില്ല. ഇതോടെ 10-20 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കാരറ്റിന് മൊത്തവിപണിയില്‍ കിലോഗ്രാമിന്റെ വില 70 രൂപയിലെത്തി. കഴിഞ്ഞ ദിവസം കാരറ്റിന് 50 രൂപയായിരുന്നു വില. പച്ചമുളകിന്റെ വില 40ല്‍ നിന്നും 60 ആയി വര്‍ധിച്ചു.പച്ചക്കായയ്ക്ക് 80 രൂപയാണ്.
പത്ത് രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് 20 രൂപയാണ് വില.തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ പച്ചക്കറിയെത്തുന്നത്. താമരശേരി, കുറ്റ്യാടി ചുരം, വാളയാര്‍ ചെക്ക് പോസ്റ്റുകള്‍ വഴിയാണ് ചരക്കുനീക്കം നടന്നിരുന്നത്. കനത്തമഴയില്‍ ചുരത്തില്‍ മണ്ണിടിഞ്ഞുണ്ടായ ഗതാഗത തടസം ചരക്കുനീക്കം സ്തംഭിപ്പിച്ചതോടെ പച്ചക്കറിയുടെ വരവ് പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
പാലക്കാട്, മലപ്പുറം ജില്ലകളില്‍ വെള്ളപൊക്കം കാരണം റോഡുകള്‍ വെള്ളത്തിനടിയിലായതും അത് വഴി പച്ചക്കറി എത്തിക്കുന്നതിന് തടസമായി. വയനാട് ജില്ലയിലുണ്ടായ പ്രളയത്തില്‍ കാര്‍ഷിക നാശം സംഭവിച്ചതോടെ ഇഞ്ചിയും ചേനയും വിപണിയിലെത്തുന്നത് കുറഞ്ഞിട്ടുണ്ട്. മലയോര മേഖലകളില്‍ കാര്‍ഷിക വിളകള്‍ നശിച്ചതും വലിയ തിരിച്ചടിയായിട്ടുണ്ട്.
ഓണത്തിനും പെരുന്നാളിനും ദിവസങ്ങള്‍ ശേഷിക്കെ പച്ചക്കറി വരവിലുണ്ടായ കുറവ് വിലക്കയറ്റത്തിനിടയാക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. വെള്ളപ്പൊക്കം കാരണം പ്രാദേശികമായുള്ള പച്ചക്കറികള്‍ വിപണിയിലെത്തുന്നത് പൂര്‍ണമായും നിലച്ചിരിക്കുകയാണ്.