വാഴക്കുളം: ഒന്നര വർഷംകൊണ്ട് ഒരു കോടി തൈകൾ ഉത്പാദിപ്പിക്കുകയെന്ന ചരിത്ര നേട്ടത്തിനരികെയാണ് മൂവാറ്റുപുഴ നടുക്കര ഹൈടെക് പച്ചക്കറി തൈ ഉത്പാദന കേന്ദ്രം. കൃഷി വകുപ്പിന്റെ കീഴിൽ വിഎഫ്പിസികെയുടെ മേൽ നോട്ടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിന് കൃഷി വകുപ്പിന് കീഴിലുള്ള കേരളത്തിലെ ഏക ഹൈടെക് തൈ ഉത്പാദന കേന്ദ്രമെന്ന പ്രത്യേകതയുമുണ്ട്.
ചകിരിച്ചോറും പെർക്കുലേറ്ററും വെർമിക്കുലേറ്ററും ചേർന്നുളള നടീൽ മിശ്രിതം തയാറാക്കുന്നത് മുതൽ പ്രോട്രേകളിൽ നിറച്ച് വിത്തിടുന്നതും വിതരണത്തിന് തയാറാവുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും ഇവിടെ ഹൈടെക് മയമാണ്. നടുക്കരയിൽ വിഎഫ്പിസികെ വക നാലേക്കർ 90 സെന്റ് സ്ഥലത്ത് പ്രവർത്തിക്കുന്ന കേന്ദ്രം ഇതിനോടകം തന്നെ ജനശ്രദ്ധയാകർഷിച്ചു.
ജൂണ് മാസത്തോടെ ഒരു കോടി തൈകൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിനായുള്ള പ്രയത്നത്തിലാണ് ജീവനക്കാർ. പൂർണമായും ഹൈടെക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ 1536 സ്ക്വയർ മീറ്റർ ഉള്ള നാല് വലിയ പോളിഹൗസുകളാണ് ഇവിടെയുള്ളത്. കൂടാതെ വിത്തുകൾ നടാനുള്ള ഓട്ടോമേറ്റഡ് സ്വീഡിംഗ് മെഷീൻ, വളം നൽകാനുള്ള ഫെർട്ടിഗേഷൻ യൂണിറ്റ്, ഓട്ടോമാറ്റിക് കാലാവസ്ഥാ നിലയം, താപവും ഈർപ്പവും നിശ്ചിത അളവിൽ പോളിഹൗസുകളിൽ നിയന്ത്രിക്കാനുള്ള സംവിധാനം തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്.
കേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യാവുന്ന മുളക്, തക്കാളി, വഴുതന, പയർ, ചീര തുടങ്ങി 23 ഇനം പച്ചക്കറി വിത്തുകളാണ് ഇവിടെ മുളപ്പിച്ച് തൈകളാക്കുന്നത്. കൂടാതെ ശീതകാല സീസണിൽ കാബേജ്, കോളിഫ്ളവർ, ബ്രോക്കോളി, കാപ്സിക്കം, സാലഡ് വെള്ളരി എന്നിവയുടെ തൈകളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.
ശീതകാല തൈകൾ എല്ലാം തന്നെ ഗുണമേന്മയുള്ള ഹൈബ്രിഡ് വിത്തുകൾ മുളപ്പിച്ചാണ് തൈകളാക്കുന്നത്. തക്കാളി 15 ദിവസവും വഴുതന, മുളക് തുടങ്ങിയവ 25 ദിവസവും വെണ്ട, അമര, പയർ, പീച്ചിൽ തുടങ്ങിയവ എട്ടു ദിവസവും പ്രായമെത്തുന്പോഴാണ് ഇവിടെനിന്നു വിൽപന നടത്തുന്നത്.
സംസ്ഥാനത്തെ കൃഷിഭവനുകൾ, സന്നദ്ധ സംഘടനകൾ, വിഎഫ്പിസികെ സ്വാശ്രയ കർഷക സമിതികൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, വിവിധ എൻജിഒകൾ തുടങ്ങിയവ ഇവിടെനിന്നാണ് തൈകൾ ശേഖരിക്കുന്നത്. തൈക്ക് രണ്ട് രൂപ നിരക്കായതിനാൽ പ്രാദേശികമായും ആവശ്യക്കാരേറെയാണ്.