തൊടുപുഴ: നഗരത്തിൽ ഗതാഗത തടസം സൃഷ്ടിക്കുന്ന ഉന്തുവണ്ടിക്കച്ചവടക്കാരെ ഒഴിപ്പിച്ചു. എന്നാൽ വീണ്ടും പാത കൈയേറി കച്ചവടം ആരംഭിച്ചതായി പരാതി.പതിവായി ഗതാഗത തടസങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ റോഡിൽ ഉന്തുവണ്ടി നിർത്തിയിട്ട് കച്ചവടം നടത്തുന്നവരെയാണ് ഇന്നലെ ട്രാഫിക് പോലീസിന്റെ സഹായത്തോടെ നഗരസഭ അധികൃതർ ഒഴിപ്പിച്ചത്.
ബസ് സ്റ്റാൻഡിനു സമീപം പുളിമൂട്ടിൽ പ്ലാസയ്ക്കു മുന്നിലെ ഉന്തുവണ്ടിയിലെ പഴം, പച്ചക്കറി കച്ചവടമാണ് ഇന്നലെ പോലീസ് ഒഴിപ്പിച്ചത്. ഇവിടെ യാത്രക്കാരുടെ സഞ്ചാരം തടസപ്പെടുത്തുന്ന വിധത്തിൽ വഴിയോരക്കച്ചവടം വ്യാപകമാണെന്ന് വ്യാപാരികളുടെയും യാത്രക്കാരുടെയും പരാതി ഉണ്ടായിരുന്നു.
നഗരത്തിൽ ഉന്തുവണ്ടിയിൽ കച്ചവടം നടത്തി ഉപജീവനം കഴിക്കുന്നവർക്ക് നഗരസഭ തിരിച്ചറിയൽ കാർഡ് നൽകിയിരുന്നു. ഇവർക്ക് കച്ചവടം നടത്താനുള്ള മേഖലകളും നഗരസഭ നിർദേശിച്ചിരുന്നു. എന്നാൽ നഗരസഭ ലിസ്റ്റിൽ ഉൾപ്പെടാതെ അനധികൃതമായി കച്ചവടം നടത്തുകയും പതിവായി ടൗണിൽ ഗതാഗത തടസത്തിനു കാരണമാകുന്നവരെയുമാണ് ഒഴിപ്പിച്ചതെന്ന് നഗരസഭ ചെയർപേഴ്സണ് മിനി മധു പറഞ്ഞു. പോലീസ് എത്തി ഒഴിപ്പിച്ച് ഏതാനും സമയത്തിനുള്ളിൽ തന്നെ പലരും തിരികെയെത്തി കച്ചവടം ആരംഭിച്ചു.
ഇന്നലെ ഇവിടെ ഗതാഗതം തടസപ്പെട്ടതിനെ തുടർന്നാണ് ഉന്തുവണ്ടിക്കച്ചവടക്കാരെ സ്ഥലത്തു നിന്നും ഒഴിപ്പിച്ചത്. വ്യാഴാഴ്ച്ച നഗരസഭ അധികൃതർ സ്ഥലത്തെത്തി വാഹനഗതാഗതത്തിനു തടസമാകുന്ന തരത്തിൽ കച്ചവടം നടത്തരുതെന്ന് കച്ചവടക്കാർക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ ഇന്നലെ ഉന്തുവണ്ടി ഇട്ട് കച്ചവടം നടത്തിയതിനെ തുടർന്ന് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്കിലകപ്പെട്ടതോടെയാണ് നഗരസഭ അധികൃതർ പോലീസിന്റെ സഹായം തേടിയത്. പോലീസ് എത്തി ഉന്തുവണ്ടി നീക്കാൻ നിർദേശിക്കുകയായിരുന്നു. പോലീസ് തിരികെ മടങ്ങിയപ്പോൾ തന്നെ ഇവർ തിരികെയെത്തി.
പച്ചക്കറികളും മറ്റും ഉന്തുവണ്ടികളിൽ കയറ്റി വിൽപ്പന നടത്തി ഉപജീവനം നടത്തുന്ന ഒട്ടേറെ പേർ തൊടുപുഴ മേഖലയിലുണ്ട്. ഇവർ തൊഴിൽ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായാണ് നഗരസഭ പരിധിയിൽ ഇവർക്ക് കച്ചവടം നടത്തുന്നതിനായി തിരിച്ചറിയൽ കാർഡ് നൽകിയത്.
എന്നാൽ നല്ലൊരു വിഭാഗം ഉന്തുവണ്ടി കച്ചവടക്കാരും ഇപ്പോഴും തിരിച്ചറിയൽ കാർഡുകൾ കൈപ്പറ്റിയിട്ടില്ല. ഇവരുടെ വഴിയോരകച്ചവടം പല സ്ഥലത്തും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതായി ട്രാഫിക് പോലീസിനും പരാതി ലഭിച്ചിരുന്നു.