കോട്ടയം: ഉള്ളിയും സവാളയും വെളുത്തുള്ളിയും മുരിങ്ങക്കായും മീനും മാത്രമല്ല പെട്രോളും ഡീസലും പൊള്ളുന്ന നിരക്കിലെത്തിയതോടെ ജനം ഞെരുങ്ങുകയാണ്. പെട്രോൾ ലിറ്ററിന് 78, ഡീസൽ 70 രൂപ നിരക്കിൽ എത്തിയിരിക്കെ വാഹനം ഓടിക്കുന്നവർക്ക് ബാധ്യതയേറി. പെട്രോളിന് ഇക്കൊല്ലം ലിറ്ററിന് ആറു രൂപയും ഡീസലിന് നാലര രൂപയും വർധിച്ചു.
തമിഴ്നാട്ടിൽ മഴ കനത്തതിനാൽ ഇന്നലെ മുതൽ പച്ചക്കറി വില കുത്തനെ കയറി. മിക്ക ഇനങ്ങൾക്കും കിലോ 40 രൂപയ്ക്കു മുകളിലാണ് നിരക്ക്. ഹോർട്ടികോർപിലും വില ഉയർന്നു തന്നെ. വരും ദിവസങ്ങളിൽ പച്ചക്കറി വില ഇനിയും ഉയർന്നേക്കാം. വഴിയോരങ്ങളിലെ പച്ചക്കറി കിറ്റ് വിൽപനയും നിലച്ചു.
മീൻവില പതിറ്റാണ്ടിനുള്ളിൽ ഏറ്റവും ഉയർന്നത് ഇക്കൊല്ലമാണ്. മത്തി മുതൽ എല്ലാ മീനുകൾക്കും കിലോ 150 മുകളിലാണ് നിരക്ക്. സവോള വില കയറിയത് തട്ടുകടകളിലെ ഓംലറ്റ് വിൽപനയെയും ബാധിച്ചു. പലരും വിൽപന ബുൾസ് ഐ മാത്രമാക്കിയിരിക്കുന്നു. ഹോട്ടലുകളിൽ സാധാ ഉൗണിന് നിരക്ക് 60 രൂപ കടന്നു. ഓട്ടോയും ടാക്സിയും നിരക്ക് കൂട്ടിയതോടെ വിപണിയിൽ എല്ലാ ഇനങ്ങൾക്കും വില ഉയർന്നിട്ടുണ്ട്.
സപ്ലൈകോയിലും മാവേലിസ്റ്റോറുകളിലും അവശ്യ സാധനങ്ങളൊന്നും സ്റ്റോക്കില്ലാതായതോടെ ആശ്വാസത്തിന് വകയില്ലാതായി. വൈകാതെ ബസ് ചാർജ് നിരക്ക് മിനിമം 10 രൂപയാക്കാനാണ് നീക്കം. റബറിനെ ആശ്രയിച്ച് ജീവിക്കുന്ന ചെറുകിടക്കാരുടെ ജീവിതമാണ് വിലക്കയറ്റത്തിൽ നട്ടം തിരിയുന്നത്.