കോയന്പത്തൂർ: മാർക്കറ്റുകളിലെ പച്ചക്കറി അവശിഷ്ടങ്ങളിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് തറക്കല്ലിട്ടു. സ്വിറ്റ്സർലന്റ് അംബാസിഡർ ആൻഡ്രിയാസ്പാം പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്വിറ്റ്സർലന്റ് സർക്കാരിന്റെ സഹായത്തോടെ മാലിന്യനിർമാർജനത്തിനായി ജില്ലയിൽ പലപദ്ധതികളും തയാറാക്കിവരുന്നു.ഇതിന്റെ ഒരുഭാഗമായാണ് പച്ചക്കറി മാർക്കറ്റുകളിലെ അവശിഷ്ടങ്ങളിൽനിന്നും വൈദ്യുതി ഉത്പാദിപ്പിച്ച് തെരുവുവിളക്കുകൾക്ക് ഉപയോഗിക്കുന്ന പദ്ധതി ആരംഭിച്ചത്.
ആർഎസ്പുരം ഉഴവർചന്തയിൽ 35 ലക്ഷം രൂപയിൽ ഇതിനായുള്ള പ്ലാന്റ് നിർമിക്കും. വായു മലിനീകരണം കണ്ടെത്തുന്നതിനായി ഏഴുലക്ഷം രൂപയിൽ നാലിടത്ത് സ്ഥാപിച്ചിട്ടുള്ള യന്ത്രങ്ങളിലുള്ള വിവരങ്ങൾ ജനങ്ങൾ മനസിലാക്കുന്നതിനായി ടൗണ്‍ഹാൾ കോർപറേഷനിൽ ബോർഡ് സ്ഥാപിച്ചു.
മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്നതിനായി 22, 24 വാർഡുകളിലെ ശുചീകരണ തൊഴിലാളികൾക്ക് കൈവണ്ടികളും ഡസ്റ്റ് ബിന്നുകളും നല്കി. പരിപാടി കോർപറേഷൻ കമ്മീഷണർ വിജയ കാർത്തികേയൻ, സ്വിറ്റ്സർലൻഡ് സഹകരണസംഘം മേധാവി മേരി ലാറർ ഗ്രെറ്റസ്, സിരീഷ് സിൻഹ തുടങ്ങിയവർ പങ്കെടുത്തു.