തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നു പച്ചക്കറി എത്താതായതോടെ തലസ്ഥാനത്ത് പച്ചക്കറി വില കുതിച്ച് കയറുന്നു. വിലകൂട്ടിയാൽ പിടിവീഴുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ചാല മാർക്കറ്റിൽ പച്ചക്കറിക്കും അവശ്യ സാധനങ്ങൾക്കും തീ വിലയാണ് ഈടാക്കുന്നത്.
മറ്റു ജില്ലകളിലും അവസ്ഥ വ്യത്യസ്ഥമല്ല. ചരക്ക് ലോറികളുടെ വാടക വർധനവാണ് പച്ചക്കറി വിലയെയും ബാധിച്ചിരിക്കുന്നതെന്നാണ് പച്ചക്കറി വ്യാപാരികൾ പറയുന്നത്.
നേരത്തെ 18000 രൂപയായിരുന്നു തമിഴ്നാട്ടിൽ നിന്നു തിരുവനന്തപുരത്തേക്ക് പച്ചക്കറി കയറ്റി വന്നിരുന്ന ലോറികൾക്ക് വാടക. എന്നാൽ ഇപ്പോൾ അത് 42000 രൂപയായി വർധിച്ചുവെന്നാണ് വ്യാപാരികൾ പറയുന്നത്.
കഴിഞ്ഞാഴ്ച കിലോയ്ക്ക് 55 രൂപയായിരുന്ന ചെറിയ ഉള്ളിക്ക് ഇപ്പോൾ 90 രൂപയായി. സവാള ഒറ്റക്കുതിപ്പിൽ 30 രൂപയിൽ നിന്നു 50ലേക്കു ചാടി. 20 രൂപയിൽ നിന്ന് കുതിച്ച തക്കാളി ഇപ്പോൾ നിൽക്കുന്നത് 45 രൂപയിലാണ്.
ഉരുളക്കിഴങ്ങിന് കഴിഞ്ഞാഴ്ച 28 രൂപയായിരുന്നെങ്കിലും ഇപ്പോൾ അത് 40 രൂപയിൽ എത്തി നിൽക്കുന്നു. തേങ്ങ കിലോയ്ക്ക് 45 രൂപയിൽ നിന്നും 55 രൂപയിലേക്കും എത്തിയിട്ടുണ്ട്.
21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വില എത്രയായാലും ജനങ്ങൾ മേടിക്കും എന്ന ധാരണ ഉള്ളതിനാലാണ് വ്യാപാരികൾ വില കൂട്ടാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. വരും ദിവസങ്ങളിൽ സർക്കാർ അവശ്യ സാധനങ്ങൾക്ക് വിലനിയന്ത്രണം കൊണ്ടുവരുമെന്നുള്ള വിശ്വാസത്തിലാണ് ജനങ്ങൾ.