കോഴിക്കോട്: പച്ചക്കറിക്ക് വില പൊള്ളുന്നു. പെരുന്നാളിന് തൊട്ടുള്ള ദിവസങ്ങളിലാണ് വിലക്കയറ്റം ആരംഭിച്ചത്. വരുംദിവസങ്ങളിൽ വിലകൂടാനാണ് സാധ്യതയെന്നാണ് കച്ചവടക്കാർ പറയുന്നത്. ഉരുളക്കിഴങ്ങും വലിയുള്ളിയുമൊഴികെ മറ്റെല്ലാ പച്ചക്കറികൾക്കും വില കൂടുതലാണ്. ചെറിയുള്ളി കിലോയ്ക്ക് 130 രൂപയിലെത്തി. തക്കാളിക്ക് കിലോയ്ക്ക് 50 രൂപയും കാരറ്റിന് 70 രൂപയും പച്ചമുളകിന് 50 രൂപയും വെണ്ടയ്ക്ക് 40 രൂപയുമാണ് പാളയം മാർക്കറ്റിലെ മൊത്തവില. ചില്ലറ വിപണിയിൽ വില ഇതിലും കൂടും. ചേനയ്ക്ക് 50 രൂപയും പയറിന് 55 മുതൽ 80 രൂപ വരേയുമെത്തി.
വിലക്കൂടുതൽ അനുഭവപ്പെടാത്ത ഉരുളക്കിഴങ്ങിന് 15 രൂപയും വലിയുള്ളിക്ക് 11.50 ഉം ആണ് ഈടാക്കുന്നത്. കയറ്റുമതി കുറഞ്ഞതാണ് ഇവയുടെ വില കൂടാതിരിക്കാൻ കാരണം. വരവ് കുറഞ്ഞതും മഴ കനത്തതുമാണ് മൊത്തത്തിൽ വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. തമിഴ്നാടിന് പുറമെ മൈസൂരു, ഗുണ്ടൽപേട്ട് ഭാഗത്തുനിന്നാണ് കാര്യമായി പാളയത്ത് പച്ചക്കറി ലോഡുകൾ എത്താറ്. ഇതിൽ മൈസൂരുവിൽനിന്നുള്ള വരവ് കാര്യമായി കുറഞ്ഞു. മറ്റ് മാർക്കറ്റുകളിൽനിന്ന് മൈസൂരുവിലേക്ക് സാധനങ്ങൾ പോകുന്നതും പാളയത്തേക്ക് വരവ് കുറയാൻ കാരണമാണ്. കാരറ്റിന് ഏതാനും മാസംമുന്പ് കിലോയ്ക്ക് 20 രൂപ വരെയായി വില കുറഞ്ഞിരുന്നു.
കനത്ത വിലിയിടിവിനാൽ കർഷകർ കൃഷി നിർത്തിവച്ചതും കാരറ്റിന് പെട്ടെന്ന് 70 രൂപവരെ വില കൂടാൻ കാരണമായതായി കരുതുന്നു. ഉൗട്ടി മേഖലയിൽനിന്നാണ് പാളയത്തേക്ക് പുതിയ കാരറ്റ് എത്തുന്നത്. വിലയുയർന്നതോടെ മൊത്തവിപണിയിൽനിന്ന് ചരക്കെടുക്കുന്ന തെരുവ് കച്ചവടക്കാരും പച്ചക്കറി ഉപേക്ഷിച്ച് മറ്റ് ഇനങ്ങളിലേക്ക് മാറിയിരിക്കയാണ്.