ലണ്ടൻ: ബീഫ്, പോർക്ക് തുടങ്ങി റെഡ്മീറ്റ് വിഭാഗത്തിൽ വരുന്നവ ഒഴിവാക്കുന്നത് മനുഷ്യന്റെ മാത്രമല്ല, ഭൂമിയുടെ ആരോഗ്യത്തിനും പ്രധാനപ്പെട്ടത്. മാട്ടിറച്ചി ഉപേക്ഷിച്ച് പയറുവർഗങ്ങൾ കഴിക്കുന്ന ശീലം തുടങ്ങിയാൽ മനുഷ്യന്റെ ആയുസ് കൂടും, ഹരിതവാതകങ്ങളുടെ ഉത്പാദനം കുറയുന്നതിനാൽ ഭൂമിയും രക്ഷപ്പെടും. ആരോഗ്യകരമായ ഭക്ഷണക്രമം സംബന്ധിച്ച് ദ ലാൻസെറ്റ് ശാസ്ത്ര മാസിക പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഒരു ദിവസം വെറും 14 ഗ്രാം മാത്രം മാട്ടിറച്ചി(ഏകദേശം 30 കലോറി) മാത്രമേ മനുഷ്യന് ആവശ്യമുള്ളൂ. കോഴിയിറച്ചി 29ഉം മുട്ട 13ഉം ഗ്രാം മതിയാകും. പച്ചക്കറിയും പഴങ്ങളും കൂടുതൽ കഴിക്കാം.
മാട്ടിറച്ചി ഉത്പാദനം വലിയ പരിസ്ഥിതി നാശം സൃഷ്ടിക്കും. അമിതവണ്ണം, പ്രമേഹം, ചിലയിനം കാൻസർ എന്നിവയ്ക്ക് ഭക്ഷണക്രമവുമായി ബന്ധമുണ്ട്. ഇറച്ചി ഉത്പാദനം കുറയ്ക്കുകയും കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്താൽ വർഷം 11 കോടി അകാലമരണങ്ങൾ ഒഴിവാക്കാനാകുമെന്ന് ലേഖനത്തിൽ പറയുന്നു.