തൃശൂർ: പച്ചക്കറി വില കത്തിക്കയറുന്നു. ട്രോളിംഗ് നിരോധനം നിലവിൽവന്നതോടെ മൽസ്യത്തിനും തീവില. കടൽമൽസ്യങ്ങൾ കിട്ടാനില്ല. കിലോയ്ക്ക് 20 മുതൽ മുപ്പതുവരെ രൂപയുണ്ടായിരുന്ന പച്ചക്കറികൾക്ക് വില അന്പതു രൂപയ്ക്കു മുകളിലായി. തമിഴ്നാട്ടിൽനിന്ന് പച്ചക്കറി വരവു കുറഞ്ഞതാണ് വിലവർധനയ്ക്കു കാരണം. ബീൻസിനാണു റിക്കാർഡ് വില- 120 രൂപ.
വെണ്ട, പയർ, ഏത്തക്കായ, കാരറ്റ് എന്നിവയ്ക്കെല്ലാം കിലോയ്ക്ക് അന്പതു രൂപയാണു വില, തക്കാളിക്കു 40 രൂപ. കൊത്തമര- 30, ചേന- 35, മത്തൻ- 25, ഇളവൻ- 20.
മൽസ്യമാർക്കറ്റിൽ മത്തിക്ക് 250 രൂപയാണു വില. ഒമാൻ ചാള എന്നറിയപ്പെടുന്ന ഐസിട്ട് ഇറക്കുമതി ചെയ്ത മത്തിക്ക് 180 രൂപയുണ്ട്. അയില, വറ്റ, മഞ്ഞക്കോര തുടങ്ങിയ കടൽ മൽസ്യങ്ങൾ കിട്ടാനില്ല. നാടൻ വാളയ്ക്ക് കിലോ 200 രൂപയാണെങ്കിൽ വളർത്തുവാളയ്ക്ക് 120 രൂപ. തൂളി, പിരാന ഇനങ്ങൾക്കുണ്ട് 170 രൂപ. ചെറിയ പരലിന് 120 രൂപയാണ്. വരാലിന് എഴുന്നൂറു രൂപയുണ്ട്.
ട്രോളിംഗ് ആരംഭിക്കുന്നതോടെ തമിഴ്നാട് തീരങ്ങളിൽനിന്ന് ധാരാളം മൽസ്യം എത്താറുണ്ട്. തീരങ്ങളിൽ ചുഴലിക്കാറ്റ് ഭീഷണി നിലവിലുള്ളതുമൂലമാകാം തമിഴ്നാട്ടിലും മൽസ്യബന്ധനം കുറവാണ്. അവിടെനിന്ന് മൽസ്യം വരുന്നതും ഗണ്യമായി കുറഞ്ഞു. ഇതോടെ തൃശൂരിലെ ശക്തൻ മാർക്കറ്റിലെ മൽസ്യ വിപണിയിൽ തീരെ മൽസ്യം ഇല്ലാത്ത അവസ്ഥയാണ്.
്