കണ്ണൂർ: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടെ പച്ചക്കറി വില കുതിച്ചുയരുന്നു. വലിയ ഉള്ളി, ചെറിയ ഉള്ളി, വെളുത്തുള്ളി, മുരിങ്ങക്കായ എന്നിവയുടെ വില മൂന്നക്കം കടന്നു. ഇതോടെ ഉള്ളി ഒഴിവാക്കിയും, കുറച്ചുമുള്ള വിഭവങ്ങളൊരുക്കുകയാണ് മലയാളി. ഉള്ളി മുറിക്കുന്പോൾ മാത്രമല്ല, വില കേൾക്കുന്പോൾ തന്നെ ഇപ്പോൾ കണ്ണീർപൊഴിയുന്നുവെന്നാണ് വീട്ടമ്മമാരുടെ കമാന്റ്.
ശബരിമല സീസൺ കൂടി ആയതോടെ പ്രത്യേകിച്ച് മലയാളികൾ കൂടുതൽ പച്ചക്കറികൾ ഉപയോഗിക്കുന്ന സമയത്തെ വിലക്കയറ്റം വലിയ തിരിച്ചടിയാണ്. മുന്നാഴ്ച്ചക്കുള്ളിൽ കാരറ്റ്, തക്കാളി, വെണ്ടയ്ക്ക എന്നിയുടെ വില ഇരട്ടിയോളമായി. പച്ചമുളക്, പയർ, ബീൻസ് എന്നിവയ്ക്കും വലിയ വിലയാണ്.
വലിയ ഉള്ളിക്ക് 110 രൂപയാണ് വില, ചെറിയ ഉള്ളിക്ക് 150 രൂപ കൊടുക്കണം. വെളുത്തുള്ളി യുടെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. 240 രൂപയാണ് ഒരു കിലോ വെളുത്തുള്ളിയുടെ വില. മുരിങ്ങയ്ക്ക് 200 രൂപ നല്കണം.
തക്കാളിക്ക് 24 -26രൂപ വരേയാണ് വില. വെണ്ട -40 രൂപ, ഉരുളക്കിഴങ്ങ് -32 രൂപ, ബീട്ര്യൂട്ട് -40 രൂപ, കാരറ്റ് -70 രൂപ, ബീൻസ് -40 രൂപ, പയർ -50 രൂപ, കാബേജ് -35 രൂപ, വെള്ളരി -30 രൂപ, പച്ചമുളക് -60 രൂപ, താലോലി -40 രൂപ, പാവയ്ക്ക-50 രൂപ, ചേന -40 രൂപ എന്നിങ്ങനെയാണ് വില.
ഉള്ളിയുടെ വില ഒരാഴ്ച്ചയ്ക്കുള്ളിൽ 10 – 40 രൂപയോളം വർധിച്ചു. പച്ചക്കറി ഉത്പാദനകേന്ദ്രങ്ങളിലെ പ്രതികൂല കാലാവസ്ഥയാണ് വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. കുന്പളങ്ങ, മത്തങ്ങ,കോവയ്ക്ക എന്നിവയ്ക്ക് കാര്യമായ വില വർധന ഉണ്ടായിട്ടില്ല.