കൊല്ലം: ഫ്രീക്കൻമാരെ പിടികൂടാനുള്ള പരിശോധനയിൽ അറുപതോളം പേർ കുടുങ്ങി. കൊല്ലം ആർടി ഓഫീസ് പരിധിയിൽ മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. സൈലെൻസർ മാറ്റിവച്ചു അമിത ശബ്ദം പുറപ്പെടുവിച്ച പതിനഞ്ചോളം വാഹനങ്ങൾ പിടികൂടി മാറ്റിവച്ചു കാണിക്കുവാൻ നിർദേശം നൽകി.
ലൈസൻസ് ഇല്ലാതെ വാഹന മോടിച്ച 42 പേർ, ഹെൽമറ്റില്ലാതെ വാഹന മോടിച്ച 125 പേർ, നമ്പർപ്ലേറ്റ് ശരിയായ രീതിയിൽ പ്രദർശിപ്പിക്കാത്ത 25 വാഹനങ്ങൾ, ഹെൽമെറ്റ് ഇല്ലാത്ത വാഹനമോടിച്ച 124 പേർക്കെതിരെയും നടപടി സ്വീകരിച്ചു. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ച എട്ടു പേരുടെ രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി പിഴ അടപ്പിച്ചു പറഞ്ഞു വിട്ടു.
കൈ കാണിച്ചു നിർത്താതെ പോയ മൂന്നുപേർ ഫോണിലൂടെയും പ്രതികരിക്കാത്തതിനാൽ അവരെ വീട്ടിൽ പോയി കേസ് രജിസ്റ്റർ ചെയ്യുകയുണ്ടായി. പെഡസ്ട്രിയൻ ക്രോസിങ് മുറിച്ചു കടന്നവർക്ക് വളരെ അപകടകരമാകത്തക്ക രീതിയിൽ വാഹനം ഓടിച്ച ഡ്രൈവറിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തിട്ടുണ്ട്.
ഫ്രീക്കൻമാർ അപകടം ഉണ്ടാക്കുന്നതിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ആർടിഓ മഹേഷിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. 195 കേസുകളിൽ നിന്നായി 84500 രൂപ പിഴ ഇനത്തിൽ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന കർശന മാക്കുമെന്നു അറിയിച്ചു.