കോട്ടയം: യുവതി തൂങ്ങിമരിച്ച ഭര്‍തൃവീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ കത്തിനശിച്ചു. ഇന്നു പുലര്‍ച്ചെ 3.10നാണ് തീപിടിച്ചത്. അതിരമ്പുഴ ശ്രീകണ്ഠമംഗലം പാക്കത്തുകുന്നേല്‍ അനില്‍ വര്‍ക്കിയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പറാണ് കത്തിയത്.
കഴിഞ്ഞ ഏഴിന് അനിലിന്റെ ഭാര്യ ഷൈമോള്‍ സേവ്യറിനെ (24) വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഭാര്യയുടെ മരണത്തില്‍ അറസ്റ്റിലായ അനിൽ ഇപ്പോൾ റിമാൻഡിൽ ആണ്.
ഇതിനിടയിലാണു വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ കത്തി നശിച്ചത്. പുലര്‍ച്ചെ ബൈക്ക് നിര്‍ത്തുന്ന ശബ്ദം കേട്ടെന്ന് വീട്ടുകാര്‍ പറയുന്നു.
ഏറ്റുമാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതി മരിച്ച കേസില്‍ വീട്ടുകാര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ടിപ്പര്‍ കത്തി നശിക്കുന്നത്. അതേസമയം ടിപ്പര്‍ സ്വയം കത്തിയതാകാമെന്നാണ് പോലീസ് നിഗമനം.