കൊച്ചി: പണയമായി നല്കിയ വാഹനം കബളിപ്പിച്ച് കൈക്കലാക്കി പണം തട്ടിയ കേസിലെ പ്രതി കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയതായി സൂചന.
ഷൊര്‍ണൂരില്‍ നിന്ന് വാഹനം വാടകയ്ക്കെടുത്ത ശേഷം ഇയാള്‍ 26 ലക്ഷം രൂപയ്ക്ക് അത് പണയം വച്ച് മുങ്ങിയതായാണ് വിവരം. പ്രതിയുടെ അറസ്റ്റിനെ തുടര്‍ന്ന് തട്ടിപ്പിന് ഇരയായവരാണ് കളമശേരി പോലീസില്‍ വിവരം നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട് ഇടപ്പള്ളി വിപി മരക്കാര്‍ റോഡ് അസറ്റ് ഹോംസില്‍ ഫ്ളാറ്റ് നമ്പര്‍ 9 എയില്‍ താമസിക്കുന്ന നസീറി(42)നെയാണ് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കാറുകള്‍ പണയത്തിന് നല്‍കാനുണ്ടെന്ന് ഒഎല്ക്സില് പരസ്യം നല്കിയ ശേഷം ഇടപാടുകാര്‍ക്ക് ഇയാളുടെ ഭാര്യയുടെ പേരില്‍ കരാര്‍ എഴുതി വാഹനം നല്‍കും.
തുടര്‍ന്ന് കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ ഇടപാടുകള്‍ അവസാനിപ്പിച്ച് പണം തിരികെ നല്‍കാം എന്ന വ്യാജേന ഇടപാടുകാരോട് വാഹനവുമായി വരാന്‍ ആവശ്യപ്പെടും.
വാഹനവുമായി വരുന്ന ഇടപാടുകാരെ വാഹനത്തിന്റെ അടുത്തുനിന്ന് തന്ത്രപൂര്‍വം മാറ്റിയശേഷം പണം നല്‍കാതെ വാഹനവുമായി കടന്നു കളയുന്നതായിരുന്നു രീതി.
ഇത്തരത്തില്‍ പാലക്കാട് സ്വദേശിയില്‍ നിന്നും 2.4 ലക്ഷം രൂപയും, ഇടുക്കി സ്വദേശിയില്‍ നിന്നും 3.5 ലക്ഷം രൂപയും തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളും, കൊല്ലം സ്വദേശിയില്‍ നിന്നും 2.6 ലക്ഷം രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് വട്ടിയൂര്‍കാവ് പോലീസ് സ്റ്റേഷനില്‍ ഒരു കേസും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പരാതിക്കാരനില്‍നിന്നും ലഭിച്ച ഇയാളുടെ പുതിയ വാട്സ്ആപ്പ് നമ്പറില്‍ വാഹനം പണയത്തിന് എടുക്കാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലുലു മാളില്‍ വിളിച്ചു വരുത്തി പോലീസ് ഇയാളെ തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു.
ഇയാളുടെ പക്കലുള്ള വിവിധ വാഹനങ്ങള്‍ ഇതുപോലെ പണയത്തിന് നല്കിയിട്ടുള്ളതായും കൂടുതല്‍ ആളുകള്‍ ഇയാളുടെ ചതിയില്പ്പെട്ടിടുണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്ന് കളമശേരി ഇന്‍സ്പെക്ടര്‍ വിപിന്‍ദാസ് പറഞ്ഞു.
വരും ദിവസങ്ങളില്‍ ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ എത്തുമെന്ന നിഗമനത്തിലാണ് പോലീസ്.