കൊച്ചി: വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി അപ്ലോഡ് ചെയ്യുന്ന വ്ലോഗര്‍മാരുടെയും യുട്യൂബര്‍മാരുടെയും വീഡിയോകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യുട്യൂബ് മോഡറേഷൻ ടീമിന് കത്ത് എഴുതിയെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വ്ലോഗര്‍മാരും യുട്യൂബര്‍മാരും നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരായ ഹര്‍ജികളിലാണു വിശദീകരണം.
വാഹനം രൂപമാറ്റം നടത്തിയാലും അപകടകരമായി വാഹനം ഓടിച്ചാലും ശക്തമായ നടപടിയെടുക്കുമെന്നു സര്‍ക്കാര്‍ കോടതിക്ക് ഉറപ്പു നല്കി. ഓണ്‍ലൈനില്‍ ലഭ്യമാകുന്ന നിയമലംഘന വീഡിയോകള്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇത് ചെറുപ്പക്കാരെ വലിയതോതില്‍ സ്വാധീനിക്കുന്നുണ്ടെന്നുമാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ യുട്യൂബിന് അയച്ച കത്തില്‍ പറയുന്നത്.
കാമ്പസുകളില്‍ വാഹനങ്ങളുപയോഗിച്ചുള്ള വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനമുണ്ട്. റിക്കവറി വാനുകളും ക്രെയിനുകളും വരെ കാന്പസുകളില്‍ കൊണ്ടുവരുന്നു. ഇതു നിരീക്ഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ക്കു നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ മറുപടി നല്കി. ബസുകളടക്കം പല പൊതുവാഹനങ്ങളുടെയും ബ്രേക്ക് ലൈറ്റ് പോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.
ഡ്രൈവര്‍മാരുടെ കാബിനിലിരുന്ന് വീഡിയോ എടുക്കല്‍ അനുവദിക്കില്ല. ബൈക്കുകളുടെ നമ്പര്‍ പ്ലേറ്റുകളില്‍ കൃത്രിമം കാണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സജീവമായ ഇടപെടല്‍ ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.
എല്‍ഇഡി ലൈറ്റുകളടക്കം സ്ഥാപിച്ച വാഹനങ്ങളില്‍ വിനോദയാത്ര അനുവദിക്കരുതെന്നും ശബരിമലയിലേക്കു പോകുന്ന വാഹനങ്ങളില്‍ എല്‍ഇഡി ലൈറ്റുകളടക്കം ഇല്ലെന്ന് ഉറപ്പാക്കാനായി പരിശോധന നടത്തിയെന്നും സര്‍ക്കാരും കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കു കോടതി നിര്‍ദേശം നല്കി.