കണ്ണൂർ: വാഹനത്തിന്റെ ഉടമയും ഡ്രൈവറുമായ 60 വയസ് കഴിഞ്ഞയാൾക്ക് ഉടമാവിഹിതം ഒഴിവാക്കി ടാക്സ് അടയ്ക്കാൻ വൻ സാന്പത്തിക ബാധ്യത വരുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ക്ഷേമനിധി ബോർഡിന്റെ നിബന്ധന പിൻവലിക്കണമെന്ന് സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാകമ്മിറ്റി ക്ഷേമനിധി ബോർഡ് ചെയർമാന് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടു.
60 വയസ് കഴിഞ്ഞ ഡ്രൈവറും ആ വാഹനത്തിന്റെ ഉടമയുമായ ആൾക്ക് ക്ഷേമനിധിയിൽ ഉടമാവിഹിതം അടയ്ക്കാതെ തന്നെ ടാക്സ് അടയ്ക്കാമെന്ന ഹൈക്കോടതി ഉത്തരവും തുടർന്ന് ക്ഷേമനിധി ബോർഡിന്റെ തീരുമാവും അനുസരിച്ചാണ് ഇതുവരെ ഇത്തരം ആളുകൾ വാഹനത്തിന്റെ ടാക്സ് അടച്ചുവന്നിരുന്നത്.
ഇതിനു തൊഴിലാളിയും ഉടമയുമായ ആളുടെ സത്യവാങ് മൂലവും ഇയാൾ തന്നെയാണ് വാഹനം ഇപ്പോഴും ഓടിച്ചുകൊണ്ടിരിക്കുന്നതെന്ന് യൂണിയൻ നേതൃത്വത്തിന്റെയോ അല്ലെങ്കിൽ വാർഡ് കൗൺസിലറുടെയോ സാക്ഷ്യപത്രവുമായിരുന്നു ക്ഷേമനിധി ഓഫീസിൽ ബന്ധപ്പെട്ടവർ നൽകിവന്നിരുന്നത്. ഇപ്പോൾ ഇതുകൂടാതെ മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന് ക്ഷേമനിധി ബോർഡ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.
എന്നാൽ സർക്കാരോ ക്ഷേമനിധി ബോർഡോ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉത്തരവ് ഇറക്കിയിട്ടില്ലെന്നും 2018 നവംബർ എട്ടിന് ചേർന്ന് ഡിഇഒ/ എഡിഇഒമാരുടെ കോൺഫറൻസിൽ ചെയർമാന്റെ നിർദേശം നടപ്പാക്കുകയാണ് ചെയ്യുന്നതെന്നുമാണ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ നിന്ന് അറിയാൻ കഴിഞ്ഞത്.
ഉടമാവിഹിതം ഒഴിവാക്കി കൊണ്ട് ടാക്സ് അടയ്ക്കാനുള്ള അനുമതി നൽകണമെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണമെന്ന് ക്ഷേമനിധി ബോർഡ് ചെയർമാന്റെ നിയമവിരുദ്ധ നിർദേശം അടിയന്തിരമായും പിൻവലിക്കണമെന്നും എസ്എടിയു (എച്ച്എംഎസ്) കണ്ണൂർ ജില്ലാ സെക്രട്ടറി എൻ. ലക്ഷ്മണൻ ചെയർമാൻ നൽകിയ നോട്ടീസിൽ വ്യക്തമാക്കി.