തൃശൂർ: പച്ചക്കറി ഇനങ്ങൾക്കു വില കത്തിക്കയറുന്നു. നാടൻപയറിനു കിലോയ്ക്കു നൂറുരൂപയായി. തക്കാളിക്കും കാരറ്റിനും കിലോയ്ക്ക് 80 രൂപ.
തക്കാളിയും കാരറ്റും മിക്കയിടത്തും സ്റ്റോക്കില്ല. വെണ്ടയ്ക്കയ്ക്ക് 20 രൂപതന്നെ. നേന്ത്രക്കായ വില 20 രൂപയിൽനിന്നു 30 രൂപയായി.
തൃശൂർ ശക്തൻ തന്പുരാൻ നഗർ പച്ചക്കറി മാർക്കറ്റിൽ പച്ചക്കറികളുമായി ലോറികൾ എത്താത്തതുമൂലം മിക്ക മൊത്തവ്യാപാരശാലകളും കാലിയാണ്.
മത്സ്യബന്ധനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ സ്വദേശി മത്സ്യങ്ങൾക്കു ക്ഷാമമാണ്. ഇതരസംസ്ഥാനങ്ങളിൽനിന്ന്, പ്രത്യേകിച്ച് മംഗലാപുരം അടക്കമുള്ള സ്ഥലങ്ങളിൽനിന്നു മീൻലോറികൾ എത്തില്ലെന്നാണ് വിവരം. ഇതോടെ മീനിനും വില വർധിക്കും.
തമിഴ്നാട് വിലക്ക് ഏർപ്പെടുത്തിയതിനാൽ ഇറച്ചിക്കോഴി ലോറികളുടെ വരവും നിലച്ചു. ഇതോടെ ഇറച്ചിക്കോഴിക്കും വില കൂടി. പക്ഷിപ്പനി ഭീതിയിൽ 25 രൂപവരെ കുറഞ്ഞ ഇറച്ചിക്കോഴിക്ക് ഇന്നലെ 70-77 രൂപയായി.