കോഴിക്കോട്: ഉദ്യോഗസ്ഥര്ക്കെതിരേ നിസാരമായ കാര്യങ്ങള്‍ക്കു വരെ നടപടി സ്വീകരിക്കുന്ന വിജിലന്‍സിനെ “കടിഞ്ഞാണിടാന്‍ ‘ ഗതാഗതവകുപ്പ് രംഗത്ത്. അന്വേഷണം നടത്തി ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരെ വിജിലന്‍സ് ദ്രോഹിക്കുകയാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഗതാഗതവകുപ്പ് തന്നെ ഇക്കാര്യത്തില്‍ രംഗത്തെത്തിയത്.
മോട്ടോര്‍വാഹനവകുപ്പ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗത്തില്‍ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ. പത്മകുമാര്‍ മുമ്പാകെയും ഉദ്യോഗസ്ഥര്‍ വിജിലന്‍സില്‍ നിന്നും നേരിടേണ്ടിവരുന്ന മാനസികമായുള്ള വിഷമതകളെ കുറിച്ച് വ്യക്തമാക്കി. തുടര്‍ന്നാണ് മന്ത്രിയും കമ്മീഷണറും വിജിലന്സുമായി ബന്ധപ്പെടാമെന്നുറപ്പു നല്‍കിയത്.
വിജിലന്‍സ് നടപടികള്‍ ലഘൂകരിക്കുന്നതിനെ കുറിച്ച് ആലോചിച്ചു തീരുമാനമെടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. ഉദ്യോഗസ്ഥര്ക്കെതിരേ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് ഗതാഗതവകുപ്പധികൃതര്‍ വിജിലന്സുമായി ചര്‍ച്ച നടത്തും. ഗതാഗതവകുപ്പ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് വിജിലന്സുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുക.
ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള നടപടി വിജിലന്‍സ് സംവിധാനത്തിന്റെ പ്രശ്നമാണ്. ഏതെങ്കിലും ഒരു പരാതി ലഭിക്കുകയാണെങ്കില്‍ അതില്‍ അന്വേഷണം നടത്തുകയും വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഡയറക്ടര്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാറിന് ശിപാര്‍ശ ചെയ്യുകയും ഗതാഗതവകുപ്പ് ഒടുവില്‍ നടപടി സ്വീകരിക്കുകയുമാണ് ചെയ്യുന്നത്.
ഇത്തരത്തില്‍ ശിപാര്‍ശ ചെയ്തപ്രകാരമുള്ള നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ മന്ത്രിക്കെതിരേയും വകുപ്പിനെതിരേയും വിവാദങ്ങളുണ്ടാവും . വിജിലന്‍സിന്റെ നടപടിക്രമങ്ങള്‍ ഇങ്ങനെ തുടരണമോ എന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായപ്രകാരം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ നിസാരമായ പരാതികളില്‍ വരെ വിജിലന്‍സ് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ശിപാര്‍ശ ചെയ്യുന്ന സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ. പത്മകുമാര്‍ പറഞ്ഞു.
അടുത്തിടെ പത്രക്കാരോട് സംസാരിച്ചതിനാണു ഗതാഗതവകുപ്പിലെ ഒരുദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കണമെന്ന് ശിപാര്‍ശ ചെയ്തത്. ഇത്തരത്തിലുള്ള അനേകം ചെറിയ സംഭവങ്ങളില്‍ വരെ ഫയലായി മുന്നിലെത്താറുണ്ട്. രണ്ടുവര്‍ഷം മുമ്പുള്ള സംഭവത്തില്‍ വിജിലന്‍സ് ഡിവൈഎസ്പിയാണ് ‘എന്തു നടപടിയാണ് താങ്കള്‍ സ്വീകരിച്ചതെന്ന് അറിയിക്കണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയത്.
കമ്മീഷണറോട് ഒരു ഡിവൈഎസ്പി ഇത്തരത്തില്‍ വിശദീകരണം ചോദിക്കാറില്ല. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് ഇതിനുള്ള അധികാരമുള്ളത്. അതിനാല്‍ തന്നെ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന് മറുപടി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്ക്കെതിരേ ലഭിക്കുന്ന പരാതികളുടെ ഗൗരവം കണക്കിലെടുത്തുമാത്രമേ നടപടി സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.