വടക്കഞ്ചേരി: അങ്കമാലിയിൽനിന്നും വേളാങ്കണ്ണി പള്ളിയിലേക്കുള്ള കാൽനടയാത്രയിലാണ് 79കാരനായ തോമസ് ചേട്ടനും കൂട്ടുകാരും. 15ന് രാവിലെ 8.30ന് അങ്കമാലിയിൽനിന്നും യാത്ര പുറപ്പെട്ട ഇരുപത്തഞ്ചംഗസംഘം കഴിഞ്ഞദിവസം വടക്കഞ്ചേരിയിലെത്തി. രാത്രി നെന്മാറ പള്ളിയിൽ വിശ്രമിച്ച സംഘം ഇന്നലെ അതിരാവിലെ തന്നെ യാത്ര തുടർന്നു.
28ന് വേളാങ്കണ്ണിയിലെത്തി 29ന് നടക്കുന്ന തിരുനാൾ കൊടിയേറ്റത്തിൽ പങ്കെടുത്ത് തിരിച്ചുനാട്ടിലേക്കു പോകും. 2003-ൽ തുടങ്ങിയതാണ് അങ്കമാലി വാളൂർ സ്വദേശിയായ തോമസ് ചേട്ടന്റെയും കൂട്ടുകാരുടെയും വേളാങ്കണ്ണി യാത്ര. തോമസ് ചേട്ടനെ കൂടാതെ ചെന്പന്നൂർ വർഗീസ്, അങ്കമാലിക്കാരനായ പോളച്ചൻ എന്നീ മൂന്നുപേർ തുടങ്ങിവച്ച കാൽനട തീർഥയാത്രാസംഘത്തിൽ ഇപ്പോൾ പുതിയ തലമുറക്കാരും അണിച്ചേരുന്നുണ്ട്.
കഴിഞ്ഞവർഷം കുതിരാൻകുന്നുവരെ വന്നു തിരിച്ചുപോകേണ്ടി വന്നതായി തോമസ് ചേട്ടൻ പറഞ്ഞു. മലയിടിച്ചിലും മഴയുമായി കുതിരാൻ കടന്നുവരാൻ കഴിഞ്ഞില്ല. പിന്നീടുള്ള എല്ലാവർഷവും തുടർച്ചയായി തോമസ് ചേട്ടന്റെ നേതൃത്വത്തിൽ രണ്ടാഴ്ച നീണ്ടുനില്ക്കുന്ന ഈ യാത്ര തുടരുന്നു.
നട്ടെല്ലു തകർന്നു കിടപ്പിലായിരുന്ന തമിഴ്നാട് സ്വദേശിയായ മധ്യവയസ്കന് മാതാവിനോടുള്ള പ്രത്യേക പ്രാർഥനയാൽ പൂർണ സൗഖ്യം ലഭിച്ചതാണ് ഈ കഠിനയാത്രയ്ക്ക് പ്രചോദനമായതെന്ന് തോമസ് ചേട്ടൻ പറയുന്നു. ഇക്കാര്യം നേരിട്ടുകണ്ട് മനസിലാക്കിയായിരുന്നു വേളാങ്കണ്ണി യാത്ര തുടങ്ങിയത്. ജോലിക്കാരും ബിസിനസുകാരും കർഷകരും യുവാക്കളുമെല്ലാം സംഘത്തിലുണ്ട്. രണ്ടാഴ്ച എല്ലാറ്റിനും അവധിനല്കിയാണ് പ്രാർഥന ഉരുവിട്ട് ഇവർ യാത്ര ചെയ്യുന്നത്. കാവിമുണ്ടും ഷർട്ടും ജപമാലയും ധരിച്ചാണ് യാത്ര.
വേളാങ്കണ്ണിമാതാവിന്റെ ഫോട്ടോ സ്ഥാപിച്ച മുച്ചക്രവാഹനവും തള്ളിക്കൊണ്ടാണ് ഇവർ പോകുക. വർക്ക്ഷോപ്പിൽ ഇവർ തന്നെ പ്രത്യേകം നിർമിച്ച വാഹനമാണിത്. അങ്കമാലി, ചാലക്കുടി, കൊരട്ടി, കോതമംഗലം, പുളിയനം തുടങ്ങിയ സ്ഥലത്തുനിന്നുള്ളവരും യാത്രയിലുണ്ട്. അതിരാവിലെ നടത്തം തുടങ്ങും. ശക്തമായ മഴയോ വെയിലോ ഉണ്ടെങ്കിൽ ഇവിടെയെങ്കിലും കയറിനില്ക്കും. രാത്രി വഴിക്കുള്ള ഏതെങ്കിലും ദേവാലയത്തിൽ വിശ്രമിക്കും. ഭക്ഷണം സ്വയമുണ്ടാക്കി കഴിക്കും.
ഗ്യാസ്, സ്റ്റൗ, വെള്ളം പാത്രങ്ങൾ എല്ലാം ഒപ്പമുണ്ട്. ഇതിനു ഒരു വാഹനവും അകന്പടിയായുണ്ട്. രണ്ടാഴ്ച തുടർച്ചയായുള്ള നടത്തം കുറച്ചു ദുഷ്കരമാണെങ്കിലും മാതാവിന്റെ മധ്യസ്ഥതയിൽ വലിയ അനുഗ്രഹങ്ങൾ ഓരോ കുടുംബത്തിലും ഉണ്ടാകുന്നുണ്ടെന്ന് ഇവർ പറയുന്നു.