വെള്ളിക്കുളങ്ങര: മോനൊടിയിൽ വയോധികൻ മകന്റെ അടിയേറ്റാണ് മരിച്ചതെന്ന് സ്ഥിരികരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വെള്ളിക്കുളങ്ങര പോലിസ് മകൻ ശിവന്റെ (34) അറസ്റ്റ് രേഖപ്പെടുത്തി. മോനൊടി കൂടപ്പുഴക്കാരൻ വീട്ടിൽ 69 വയസുള്ള വേലായുധനെ ഞായറാഴ്ച സന്ധ്യക്കാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന ഇയാളുടെ ഇളയ മകൻ ശിവനെ അന്നുതന്നെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
സംഭവത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: ഞായറാഴ്ച വൈകീട്ട് ടിവി കണ്ടുകൊണ്ടിരുന്ന ശിവനെ വേലായുധൻ വിറകുകൊള്ളികൊണ്ട് തലക്കടിച്ചു. ഇതിൽ പ്രകോപിതനായ ശിവൻ അടുക്കളയിൽ നിന്ന് മറ്റൊരു വിറകുകൊള്ളി എടുത്തുകൊണ്ടുവന്ന് വേലായുധനെ തലയിലും ദേഹത്തും അടിച്ചു. അടിയേറ്റ വേലായുധൻ വൈകാതെ വീടിനുള്ളിൽവച്ചുതന്നെ മരിച്ചു.
ഇന്നലെ തൃശൂർ മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റുമോർട്ടത്തിലാണ് വേലായുധൻ അടിയേറ്റാണ് മരിച്ചതെന്ന് വ്യക്തമായത്. അടിയേറ്റ് രണ്ട് വാരിയെല്ലുകൾ ഒടിഞ്ഞിട്ടുള്ളതായും കണ്ടെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശിവനെ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റസമ്മതം നടത്തിയതായി പോലിസ് പറഞ്ഞു. തുടർന്ന് കൊലപാതകത്തിന് കേസെടുത്ത് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു.
ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷ്, വെള്ളിക്കുളങ്ങര സിഐ സി.വി.ലൈജുമോൻ, എസ്ഐ എസ്.എസ്.ഷിജു എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും ഫോറൻസിക് അധികൃതരും പരിശോധനക്കെത്തിയിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി