
പുൽപ്പള്ളി: വയനാട്ടിൽ ഗൃഹനാഥന്റെ മൃതദേഹവുമായി മാനസിക അസ്വാസ്ഥ്യമുള്ള ഭാര്യയും മകനും വീട്ടിൽ കഴിഞ്ഞത് നാല് ദിവസം. കദവാക്കുന്ന് കാര്യമ്പാടി വീട്ടിൽ വേലായുധന്റെ കുടുംബത്തിലാണ് ദാരുണസംഭവം ഉണ്ടായത്.
മൃതദേഹത്തിൽനിന്നും ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വേലായുധന്റെ (70) അഴുകിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്.
മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ അമ്മിണിയോടും, മകൻ ഗംഗാധരനോടുമൊപ്പമാണ് വേലായുധൻ താമസിച്ചിരുന്നത്. വേലായുധനെ പുറത്ത് കാണാത്തത് എന്താണെന്ന് ചോദിക്കുന്നവരോട് അച്ഛന് സുഖമില്ലെന്നും കിടക്കുകയാണെന്നുമാണ് ഗംഗാധരൻ പറഞ്ഞിരുന്നത്.
ഞായറാഴ്ച രൂക്ഷമായ ദുർഗന്ധം വമിച്ചതിനെതുടർന്ന് അയൽവാസി വീടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് വേലായുധൻ മരിച്ചതറിയുന്നത്.
അസുഖബാധിതനായി ഒരാഴ്ച്ചയിലേറെയായി വേലായുധൻ കിടപ്പിലായിരുന്നു. ഇയാളുടെ മകൾ മകൾ ഷീല ഭർത്താവിനൊപ്പം തമിഴ്നാട്ടിലാണ് താമസം. പുൽപ്പള്ളി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.