പൂക്കോട്ടുംപാടം: വില്ല്വത്ത് ക്ഷേത്രം ആക്രമിച്ച പ്രതിയെ പിടികൂടാൻ സഹായിച്ച പൂക്കോട്ടുംപാടം സ്വദേശി വേങ്കിടൻ വേലായുധനെ ആദരിച്ചു. മലപ്പുറം പോലീസിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. എസ്പി ദേബേഷ് കുമാർ ബെഹ്റ ഉദ്ഘാടനം ചെയ്തു. വേലായുധനെ പൊന്നാടയണിയിച്ചു ആദരിച്ചതിനോടൊപ്പം കാഷ് അവാർഡും നൽകി.
വർഗീയ സംഘർഷത്തിലേക്കു നീങ്ങുമായിരുന്ന സംഭവം മന:സാന്നിധ്യത്തോടെ നേരിട്ട നാട്ടുകാരെ ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ അഭിനന്ദിച്ചു. ക്ഷേത്രത്തിൽ അതിക്രമിച്ചു കയറിയ പ്രതിയെ പിടികൂടാൻ സഹായകമായതു വേലായുധന്റെ അവസരോചിതമായ ഇടപെടലായിരുന്നു.
പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രൻ അധ്യക്ഷനായിരുന്നു. അദ്ദേഹം പ്രതി മോഷണത്തിനായി ക്ഷേത്രത്തിൽ കയറിയതു മുതൽ പ്രതിയുടെ മുൻകാല കേസുകളെകുറിച്ചെല്ലാം വിശദീകരിച്ചു. നിലന്പൂർ സിഐ കെ.എം. ബിജു, എടക്കര സിഐ സന്തോഷ്, വാർഡ് അംഗം ശിവദാസൻ ഉള്ളാട് തുടങ്ങിയവർ പ്രസംഗിച്ചു. പൂക്കോട്ടുംപാടം എസ്ഐ അമൃത്രംഗൻ നന്ദി പറഞ്ഞു. പ്രദേശത്തെ വിവിധ എസ്ഐമാരായ ജ്യോതീന്ദ്രമാർ, അരുണ്‍കുമാർ, ദിനേഷ്, പ്രമോദ് എന്നിവരും നാട്ടുകാരും പങ്കെടുത്തു.