ഏങ്ങണ്ടിയൂർ: പത്രവിതരണത്തിനിടയിൽ കളഞ്ഞ് കിട്ടിയ പണവും രേഖകളുമടങ്ങുന്ന പഴ്സും ഉടമയെ തേടിച്ചെന്ന് തിരിച്ച് നൽകി.വേലായുധൻ സത്യസന്ധതയിൽ തിളങ്ങി.ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് നിവാസി കുന്തറ കൊച്ചുമോൻ മകൻ വേലായുധൻ പതിവ് പോലെ പനയംകുളങ്ങര ക്ഷേത്രത്തിൽ പത്രവിതരണത്തിനായ് പുലർച്ചെ എത്തിയപ്പോഴാണ് ക്ഷേത്രാങ്കണത്തിൽ ഒരു പഴ്സ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
എണ്ണായിരം രൂപയും, ലൈസൻസ്, ആധാർ, ബാങ്ക് എ.ടി.എം കാർഡുകളുൾപ്പടെ നിരവധി രേഖകളുള്ള പഴ്സ് ലഭിച്ചപ്പോൾ തന്റെ സാന്പത്തിക പരാധീനതകളെ മുഖവിലക്കെടുക്കാതെ ഉടമയെ കണ്ടെത്തി പണവും ,രേഖകളും ഉൾപ്പടെയുള്ള പേഴ്സ് ഉടമക്ക് വേലായുധൻ തിരികെ നൽകുകയായിരുന്നു.
കോടതിയിൽ വീടിന്റെ ഉടമസ്ഥാവകാശത്തിനായ് കേസ് നിലനിൽക്കുന്നതിനാൽ പാടെ തകർന്ന ജനലും, വാതിലും പോലും സ്ഥാപിക്കാൻ കഴിയാതെ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് പ്രായപൂർത്തിയായ മൂന്ന് പെണ്മക്കളും ഭാര്യയുമടങ്ങുന്ന വേലായുധന്റെ കുടുംബം താമസിക്കുന്നത്.
കോടതിയെപ്പോൾ കുടിയിറക്കുമെന്ന ആശങ്കയിൽ കഴിയുന്പോഴും, പട്ടിണി ജീവിതത്തെ അപഹരിക്കുന്പോഴും സത്യസന്ധത കൈവിടാത്ത വേലായുധന് ഏങ്ങണ്ടിയൂർ മണ്ഡലം കോണ്ഗ്രസ് കമ്മറ്റിയുടെ സ്നേഹാദരം നൽകി. മണ്ഡലം കോണ്ഗ്രസ് കമ്മറ്റി വേലായുധന്റെ വീട്ടുമുറ്റത്ത് ആദരവ് സദസ് സംഘടിപ്പിച്ചത്.
വോലായുധന്റെ കുടുംബത്തെ പ്രദേശത്തെ പ്രവാസികളുടേയും, സർക്കാറിന്റെയും, പാർട്ടി പ്രവർത്തകരുടേയും സഹകരണത്തോടെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് കോണ്ഗ്രസ് നേതാക്കളായ യു.കെ.പീതാംബരൻ, ഉണ്ണികൃഷ്ണൻ കാര്യാട്ട്, ഇർഷാദ് കെ.ചേറ്റുവ എന്നിവർ ഉറപ്പ് നൽകി.
മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കാര്യാട്ടിന്റെ അദ്യക്ഷതയിൽ ചേർന്ന ആദരവ് സദസിൽ മത്സ്യതൊഴിലാളി കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് യു.കെ പീതാംന്പരൻ ആമുഖ പ്രഭാഷണം നടത്തി.ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് അംഗം ഇർഷാദ് കെ.ചേറ്റുവ ആദര പ്രഭാഷണം നടത്തി. മുതിർന്ന പൊതുപ്രവർത്തകൻ കണ്ണൻ മാസ്റ്റർ, സി.എസ് നാരായണൻ, ഗോപി കല്ലുങ്ങൽ, യു.കെ സന്തോഷ്, ആരി പ്രസന്നൻ, എന്നിവർ പ്രസംഗിച്ചു.